Monday, September 21, 2026

ഒടുവിൽ വനം വകുപ്പിന്റെ കെണിയിൽ; പത്തനംതിട്ടയിൽ വീട്ടുപരിസരത്ത് നിന്ന് പുലിയെ പിടികൂടി അധികൃതർ

പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയിൽ നിന്ന് പുലിയെ പിടികൂടി വനം വകുപ്പ്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലിയെ വനം വകുപ്പ് വല വിരിച്ച് കൂട്ടിലാക്കുകയായിരുന്നു.

പ്രാഥമിക നിഗമനം അനുസരിച്ച് ഒരു വയസിൽ താഴെയുള്ള പുലിയാണെന്നാണ് വിവരം.

വനമേഖലയോട് ചേർന്ന പ്രദേശത്ത്, ആങ്ങമൂഴിയിലെ സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്.

ആട്ടിൻകൂടിനോട് ചേർന്ന ഭാഗത്തായിട്ടായിരുന്നു പുലി ഉണ്ടായിരുന്നത്. പരിക്കേറ്റ് അവശനിലയിലായിരുന്നു. ഉടൻ തന്നെ പോലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചു.

ആർ.ആർ.പി സംഘമെത്തി വലവിരിച്ച് പുലിയെ കൂട്ടിലാക്കുകയായിരുന്നു. എന്നാൽ പരിക്കേറ്റ് അവശനിലയിലായത് കൊണ്ട് തന്നെ പുലി ആരേയും ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല.

റാന്നി ആർ.ആർ.പി ഓഫീസിലെത്തിച്ച പുലിയെ വനംവകുപ്പ് ഡോക്ടർ എത്തി പരിശോധനയ്ക്ക് വിധേയമാക്കും.

തുടർന്ന് പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ കൂടുതൽ ശുശ്രൂഷകൾ നൽകും. ഇതിനുശേഷം മാത്രമായിരിക്കും പുലിയെ വനത്തിലേക്ക് തുറന്നുവിടുക.

Related Articles

Latest Articles