Tuesday, January 6, 2026

പൈതൃകവും പാരമ്പര്യവും നിലനിർത്താം ! ലൗ ജിഹാദിനും ലഹരി പോരാട്ടങ്ങൾക്കും എതിരായ പോരാട്ടങ്ങൾക്ക് ഭാവി തലമുറയെ സജ്ജരാക്കാം; മഹിളാ ഐക്യവേദിയുടെ ദക്ഷിണ മേഖല സംഘടിപ്പിച്ച ശില്പശാലയ്ക്ക് മികച്ച പ്രതികരണം

ചെങ്ങന്നൂർ വിശ്വഹിന്ദു പരിഷത്ത് ഹാളിൽ മഹിളാ ഐക്യവേദിയുടെ ദക്ഷിണ മേഖല സംഘടിപ്പിച്ച ശില്പശാലയ്ക്ക് മികച്ച പ്രതികരണം. ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ശില്പശാല വൈകുന്നേരം മൂന്നരയ്ക്കാണ് സമാപിച്ചത്. ദക്ഷിണ മേഖല യിൽ നിന്ന് 125 ഓളം ശിബിരാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു.

ആലപ്പുഴ ജില്ലാ രക്ഷാധികാരിയും റിട്ട. അദ്ധ്യാപികയുമായ ശ്രീമതി.അംബിക ഹരിഹരൻ ഭദ്ര ദീപം തെളിയിച്ച് ശില്പശാല ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സിന്ധു രാജീവ് സ്വാഗത പ്രസംഗവും, സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി ദീപ ഉണ്ണികൃഷ്ണൻ അധ്യക്ഷ പ്രസംഗവും നടത്തി.
മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ശ്രീമതി.ബിന്ദു മോഹൻ, പഞ്ചതല പ്രവർത്തനങ്ങളുടെ വിഷയാവതരണം നടത്തി.

പ്രവർത്തനങ്ങൾ തലമുറക്ക് കൈമാറുന്നതിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി പൈതൃകവും പാരമ്പര്യവും ആയ സാംസ്‌കാരം നിലനിർത്തുന്നതിനും ലൗ ജിഹാദ്, മദ്യം, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരായ പോരാട്ടങ്ങൾക്കായി ഭാവി തലമുറയെ കൂട്ടിയിണക്കി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് വിശദീകരിച്ചു. കുടുംബം എന്നത്
ഭവനം, ഭജനം, ഭാഷണം, ഭോജനം, ഭൂഷണം, ഭ്രമണം എന്നീ ഷഡ്ഭകാരങ്ങൾ കുടുംബ ജീവിതത്തിൽ എങ്ങനെ നടപ്പിലാക്കണമെന്ന് വിവരിച്ചു. സുസ്ഥിര കുടുംബം, സാംസ്‌കാരിക സംരക്ഷണം എന്നിവയുടെ ആവശ്യകതയെ കുറിച്ച് ശില്പശാലയിൽ ഗൗരവമായി ചർച്ച ചെയ്തു. സംഘടനയുടെ ഭാവി തലമുറയെ മുന്നോട്ടു നയിക്കുന്നതിനു വേണ്ടി കുമാരി സമിതിയുടെ പ്രവർത്തനം ജില്ലാ തലത്തിൽ ശക്തിപ്പെടുത്തുന്നതിന് വേണ്ട പദ്ധതികൾ ചർച്ച ചെയ്തു.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയും മഹിളാ ഐക്യവേദി സഹ സംയോജകനുമായ ശ്രീ. എം.സി. സാബുശാന്തി സംഘടനയ്ക്ക് സംയമനത്തോടെയും ശ്രദ്ധയോടെയും അനുഗ്രഹീതമായ ആദർശങ്ങൾ സമൂഹത്തിലേക്ക് കൈമാറുവാൻ കഴിയണമെന്നു ശ്രേണീ ബൈഠക്കിൽ സൂചന നൽകി

ഹിന്ദു ഐക്യവേദി സഹസംഘടനാ സെക്രട്ടറി ശ്രീ. വി.സുശികുമാർ സംഘടനാ ദൃഢീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ വിശദമായി സംസാരിച്ചു. ഷോഡശ സംസ്കാരത്തിലൂടെ കുട്ടികളെ വളർത്തി സമാജത്തിൽ യഥാർത്ഥ മാറ്റം വരുത്തിക്കൊണ്ട് നമ്മുടെ സംസ്കാരത്തിന്റെ താക്കോൽ അടുത്ത തലമുറയിലേക്ക് കൈമാറുന്നതാണ് നമ്മുടെ പ്രധാന ഉത്തരവാദിത്വം എന്ന് അദ്ദേഹം പറഞ്ഞു.
ശില്പശാലയുടെ സമാപന സന്ദേശം ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. ഇ.എസ്. ബിജു നൽകി. പുതിയ പ്രവർത്തന പാതകൾ തുറക്കുകയും അതിൽ ധൈര്യത്തോടെ മുന്നോട്ട് കടന്നുചെല്ലുകയും വേണം. ആ പാതയിലൂടെ തന്നെ സമൂഹം നമ്മളിലേക്ക് ആകർഷിക്കപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ ഉദാത്തമായ സന്ദേശം.

കേരളത്തിലെ മഹിളാ സംഘടനകളുടെ ശാക്തീകരണത്തിനും സംഘടനാ ദൃഢീകരണത്തിനും ഇത്തരം ശില്പശാലകൾ ആവശ്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹിളാ ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി. അംബിക സോമൻ എല്ലാവർക്കും നന്ദി അർപ്പിച്ചു. ശാന്തിമന്ത്രത്തോടെ ശില്പശാല സമാപിച്ചു.സംസ്ഥാന സെക്രട്ടറിമാരായ ഉഷാദേവി നമ്പൂതിരി,സൂര്യ പ്രേം, അലീന പൊന്നു, ശോഭ സുന്ദരം, വൈസ് പ്രസിഡന്റ്‌ ദീപ ഉണ്ണികൃഷ്ണൻ, സമിതി അംഗം ഷൈന പുഷ്പാ കരൻ അംബിക പണിക്കർ, ജില്ലാ സംയോജക് സൂര്യകുമാർ ചുനക്കര എന്നിവർ ശില്പ ശാലക്ക് നേതൃത്വം നൽകി.

Related Articles

Latest Articles