തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിർമാണ വിഷയത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഫ്‌ളാറ്റ് നിര്‍മാണത്തിന് വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് വളരെ ഗൗരവമേറിയ വിഷയം തന്നെയാണ്. പിണറായി വിജയന് അൽപ്പമെങ്കിലും ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അന്വേഷണം നേരിടാൻ തയാറാകണമെന്നും കെ.സുരേന്ദ്രൻ തുറന്നടിച്ചു.
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ലൈഫ്മിഷന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹം അറിയാതെ ഒരു കരാറും ഒപ്പിടില്ലെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞതാണ്. ലൈഫ്മിഷന്‍ തട്ടിപ്പിലെ എല്ലാ രേഖകളും അടിയന്തരമായി വിജിലന്‍സ് സിബിഐയെ ഏല്‍പ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദ്ദേഹം ഇതുവരെ പറഞ്ഞ പച്ചക്കള്ളങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

