Wednesday, May 15, 2024
spot_img

വിമാനം തകർക്കുമെന്ന് ഭീഷണി; വ്യവസായിക്ക് ജീവപര്യന്തവും 5 കോടി രൂപ പിഴയും ശിക്ഷ

അഹമ്മാബാദ്: വിമാനം ഹൈജാക്ക് ചെയ്ത് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം എഴുതി നല്‍കിയ ബിസിനസുകാരന് ജീവപര്യന്തം തടവും 5 കോടി രൂപ പിഴയും ശിക്ഷ. മുംബൈയിലെ വ്യവസായിയായ ബിര്‍ജു കിഷോര്‍ സല്ലയ്ക്കാണ് അഹമ്മദാബാദിലെ എന്‍ ഐ എ കോടതി കടുത്ത ശിക്ഷ വിധിച്ചത്. 2016 ലെ ആന്‍റി-ഹൈജാക്ക് നിയമപ്രകാരമാണ് ശിക്ഷ.

2017 ഒക്ടോബര്‍ 30-തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയില്‍ നിന്നും ഡല്‍ഹിക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേസ് വിമാനത്തിന്‍റെ ബിസിനസ്സ് ക്ലാസിന് സമീപമുള്ള ശുചിമുറിയില്‍ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഇംഗ്ലീഷിലും ഉര്‍ദുവിലും കുറിപ്പെഴുതിയ സല്ല ഇത് ടിഷ്യൂ പേപ്പര്‍ ബോക്സില്‍ നിക്ഷേപിച്ചു. ഇത് വിമാനത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഭീഷണി കുറിപ്പ് ലഭിച്ചതോടെ വിമാനം അടിയന്തരമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

പിഴയായ അഞ്ചു കോടി രുപയില്‍ ഓരോ ലക്ഷം വീതം പൈലറ്റിനും സഹപൈലറ്റുമാര്‍ക്കും നല്‍കണം. 50,000 രൂപ വീതം വിമാനത്തിലെ എയര്‍ ഹോസ്റ്റസുമാര്‍ക്കും 25,000 രൂപ വീതം വിമാനത്തിലെ മറ്റ് ജീവനക്കാര്‍ക്ക് നല്‍കണം. സംഭവം നടന്നപ്പോൾ വിമാനത്തില്‍ 115 യാത്രക്കാരും ഏഴ് ജീവനക്കാരുമുണ്ടായി.

വ്യക്തമായ ആസൂത്രണത്തോടെയാണ് കിഷോര്‍ കൃത്യം നടത്തിയത്. സംഭവ ദിവസം സ്വന്തം ലാപ്‌ടോപ്പിലാണ് കിഷോര്‍ സല്ല ഭീഷണി സന്ദേശം ടൈപ്പ് ചെയ്തതെന്നും തന്റെ ഓഫീസിലെ പ്രിന്ററില്‍ പ്രിന്റ് എടുത്തുമെന്നും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.

ഹൈജാക്ക് ഭീഷണി മുഴക്കിയാൽ ജെറ്റ് എയര്‍വേയ്സിന്‍റെ ദില്ലി സര്‍വ്വീസ് നിര്‍ത്തലാക്കുമെന്നും തന്മൂലം ജെറ്റ് എയര്‍വേയ്സിന്‍റെ ദില്ലി ഓഫീസില്‍ ജോലി ചെയ്യുന്ന കാമുകി മടങ്ങി വരുമെന്നും കരുതിയാണ് സല്ല ഇങ്ങനെ ചെയ്തത്. ശിക്ഷയ്ക്ക് പുറമെ രാജ്യത്തിനകത്തുള്ള വിമാനയാത്രയില്‍ നിന്നും ഇയാളെ വിലക്കി.

Related Articles

Latest Articles