Monday, April 29, 2024
spot_img

ഗതാഗതനിയമങ്ങള്‍ കര്‍ശനമാക്കി കേരളാ പോലീസ്: ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പിഴ 100 രൂപ; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപ

തിരുവനന്തപുരം: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ കേരളാ പോലീസ് പ്രസിദ്ധീകരിച്ചു.

മോട്ടോര്‍വാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കേണ്ടതാണ്.

അപകടകരമായ വസ്തുക്കള്‍ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മേല്‍വിവരിച്ച രേഖകള്‍ക്കൊപ്പം ഫസ്റ്റ് എയ്ഡ്കിറ്റ്, സുരക്ഷാ ഉപകരണങ്ങള്‍, ടൂള്‍ബോക്‌സ്, മരുന്നുകള്‍ എന്നിവയും വാഹനത്തില്‍ കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ചുളള പൂര്‍ണ്ണവും അത്യന്താപേക്ഷിതവുമായ രേഖാമൂലമുളള വിവരങ്ങളും വാഹനത്തില്‍ സൂക്ഷിച്ചിരിക്കണം.

രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകര്‍പ്പോ വാഹനത്തില്‍ സൂക്ഷിക്കാം. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനല്‍ ഇല്ലെങ്കില്‍ 15 ദിവസത്തിനകം വാഹനത്തിന്റെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് ഹാജരാക്കിയാല്‍ മതി.

രേഖകള്‍ കൈവശമില്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കും. ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ആണ് ശിക്ഷ.

നിയമപരമായി വാഹനം ഓടിക്കാന്‍ അധികാരമില്ലാത്ത ആള്‍ വാഹനം ഓടിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 180 പ്രകാരം വാഹനത്തിന്റെ ചുമതലയുളള ആളില്‍ നിന്നോ ഉടമയില്‍ നിന്നോ 1000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം.
അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ 400 രൂപയാണ് പിഴ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ ഈടാക്കും. അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 184 പ്രകാരം 1000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ.

മൂന്നുവര്‍ഷത്തിനകം കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 2000 രൂപ പിഴയോ ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ.

അപകടകരമായ രീതിയില്‍ ചരക്ക് കൊണ്ടുപോയാല്‍ 3000 രൂപ പിഴ അല്ലെങ്കില്‍ ഒരു വര്‍ഷം തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ശിക്ഷ 5000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയി മാറും. ഈ നിയമത്തിലെ 191 ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപ പിഴ ഈടാക്കാം.

ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 1000 രൂപയും ഹെല്‍മെറ്റ് ഇല്ലെങ്കില്‍ 100 രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപയും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 100 രൂപയും പിഴ ഈടാക്കും.

Related Articles

Latest Articles