Friday, January 9, 2026

ലൈഫ് മിഷൻ കോഴ കേസ്: ശിവശങ്കറിനെതിരായ അന്തിമറിപ്പോർട്ട് സമർപ്പിച്ച് എൻഫോഴ്സ്മെന്റ്

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിനെതിരായ അന്തിമറിപ്പോർട്ട് എൻഫോഴ്സ്മെന്റ് സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ അറസ്റ്റിലായി നിലവിൽ റിമാൻഡിലാണ് ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിന്റെ മുഖ്യ ആസൂത്രകൻ ശിവശങ്കറെന്നാണ് ഇഡിയുടെ ആരോപണം.

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റുണ്ടായത്.

കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ദില്ലിയിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്. ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ശിവശങ്ക‍ർ ഇത് നിഷേധിച്ചു. അതേസമയം, ജാമ്യം തേടി ശിവശങ്കർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.

Related Articles

Latest Articles