Sunday, June 16, 2024
spot_img

ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന് തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി

കൊച്ചി : ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന ഇഡി യുടെ വാദം കോടതി അംഗീകരിച്ചു. കോഴക്കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം.

നേരത്തെ കൊച്ചി പിഎംഎൽഎ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്ക്കും അനുകൂല പ്രതികരണമുണ്ടായിരുന്നില്ല. ഇതിനാലാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ശിവശങ്കർ വാദിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാനാണ് തന്നെ കരുവാക്കുന്നത്. സമാനമായ കേസിൽ നേരത്തെ തനിക്ക് ജാമ്യം കോടതി അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ വാദിച്ചു. അതുപോലെ തനിക്ക് കേസുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ വാദിച്ചു. എന്നാൽ ബെഞ്ച് ഇതൊക്കെ തള്ളുകയായിരുന്നു.

ശിവശങ്കറാണ് ലൈഫ് മിഷൻ കോഴക്കേസിലെ മുഖ്യപ്രതിയെന്ന് കോടതിയിൽ ബോധിപ്പിക്കാൻ ഇഡി ക്കായി. ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. സമാനമായ കേസിൽ തനിക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ശിവശങ്കർ ഇഡിയെ ഓർമിപ്പിച്ചെങ്കിലും രണ്ടും രണ്ടു കേസാണെന്നാണ് ഇഡി പറഞ്ഞത്. നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ലൈഫ് മിഷൻ കേസ് വരുന്നതെന്നും ഇത് മറ്റൊരു കേസായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഇഡി കോടതിയെ ധരിപ്പിച്ചു.

Related Articles

Latest Articles