Monday, May 20, 2024
spot_img

എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ! വിമാനസര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പെടേണ്ട മസ്‌കത്ത് വിമാനവുമാണ് റദ്ദാക്കിയത്. ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. പകരം സംവിധാനം ഏർപ്പെടുത്താത്തതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.

നെടുമ്പാശേരിയിലേക്ക് എത്തേണ്ട നാല് വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ അർധരാത്രി മുതലാണ് എയർ ഇന്ത്യ ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. രാവിലെ 11.30ന് എത്തേണ്ട ഷാർജ വിമാനം, വൈകിട്ട് 5.45ന് എത്തേണ്ട മസ്‌കത്ത് വിമാനം, വൈകിട്ട് 6.30ന് എത്തേണ്ട ബഹ്‌റൈൻ വിമാനം, വൈകിട്ട് 7.10ന് എത്തേണ്ട ദമ്മാം വിമാനം എന്നിവയാണ് റദ്ദാക്കിയത്.

വിമാനം റദ്ദാക്കിയതിനെതിരെ കണ്ണൂർ വിമാനത്താവളത്തിലും യാത്രക്കാർ പ്രതിഷേധിക്കുന്നുണ്ട്. യാത്രക്കാരെല്ലാം ചെക്ക് ഇൻ നടത്താനായി എത്തിയതിന് ശേഷമാണ് ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കിയെന്ന് എയർ ഇന്ത്യ അറിയിച്ചത്. മറ്റു ദിവസത്തേക്ക് ടിക്കറ്റ് നൽകുമോ എന്നത് സംബന്ധിച്ചൊന്നും യാത്രക്കാരെ അറിയിക്കാൻ എയർ ഇന്ത്യ തയ്യാറായിട്ടില്ല.

Related Articles

Latest Articles