ദില്ലി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യംചെയ്യുന്നത് തുടരുന്നു. കസ്റ്റഡിൽ കഴിയുന്ന ബിആർ എസ് നേതാവ് കെ കവിതയെയും കെജ്‌രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. ചൊവ്വാഴ്ച വരെയാണ് രണ്ട് പേരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുക.
ചോദ്യം ചെയ്യലിനോട് പൂര്‍ണ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കെജ്‌രിവാളിന്റെ നീക്കം. കെജ്‌രിവാളിനെ കഴിഞ്ഞ ദിവസം ഭാര്യ സുനിത കെജ്‌രിവാള്‍ സന്ദര്‍ശിച്ചിരുന്നു. എഎപി കണ്‍വീനര്‍ പദവിയിലേക്കോ മുഖ്യമന്ത്രി പദവിയിലേക്കോ സുനിത കെജ്‌രിവാളിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. കൂടാതെ ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും പകരക്കാരായി പരിഗണിക്കുന്നുണ്ട്. കെജ്‌രിവാളിന്റെ അഭാവത്തില്‍ ദില്ലി സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന യോഗ്യതയുള്ള ഒരു നേതാവിനെ കൊണ്ടുവരിക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്ത് കെജ്‌രിവാള്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ബുധനാഴ്ച മാത്രമെ പരിഗണിക്കുകയുള്ളു.

