Sunday, June 2, 2024
spot_img

മദ്യനയ അഴിമതി കേസ്:സിസോദിയയെ ഏഴ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു

ദില്ലി : മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏഴ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു.മാർച്ച് 17 വരെയാണ് കസ്റ്റഡി. ദില്ലി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. പത്തു ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. ഈ മാസം പതിനേഴിന് വീണ്ടും സിസോദിയയെ ഹാജരാക്കണം. സി ബി ഐ കേസിൽ ജയിൽ കഴിയുന്ന സിസോദിയയെ കഴിഞ്ഞ ദിവസമാണ് ഇഡി അറസ്റ്റ് ചെയ്തത്. സിസോദിയ മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നും എട്ട് ഫോണുകൾ തെളിവ് നശിപ്പിക്കാനായി മനീഷ് സിസോദിയ ഒഴിവാക്കിയെന്നും ഇഡി കോടതിയിൽ വാദിച്ചു.

അറസ്റ്റ് എന്നത് അന്വേഷണ ഏജൻസികൾ അവകാശം പോലെ കാണുന്നുവെന്നും ഇതിൽ കോടതി ഇടപെടണമെന്നും മനീഷ് സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിൽ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം ഇരുപത്തി ഒന്നിന് പരിഗണിക്കാനും കോടതി മാറ്റി. സിബിഐ കേസിൽ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡിയും മാർച്ച് ഇരുപത്തി ഒന്നിന് അവസാനിക്കും.

Related Articles

Latest Articles