Saturday, May 4, 2024
spot_img

കരൾമാറ്റ ശസ്ത്രക്രിയ വൈകിച്ചത് മോശം ആരോഗ്യസ്ഥിതി;
ജനപ്രിയ താരം സുബി സുരേഷിന്റെ മരണത്തിൽ വിശദീകരണവുമായി ഡോക്ടർ

കൊച്ചി :ജനപ്രിയ ഹാസ്യതാരവും പ്രശസ്ത അവതാരകയുമായ സുബി സുരേഷിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി അവരെ ചികിത്സിച്ചിരുന്ന രാജഗിരി ആശുപത്രി സൂപ്രണ്ട് ഡോ.സണ്ണി പി.ഓരത്തേൽ രംഗത്തെത്തി. സുബിയുടെ ആകസ്മിക നിര്യാണത്തിനുകാരണം കരൾമാറ്റ ശസ്ത്രക്രിയ വൈകിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. സുബിയുടെ കരൾമാറ്റ ശസ്ത്രക്രിയയുടെ നടപടികൾ വേഗത്തിൽ തന്നെയാണ് മുന്നോട്ടുപോയത്. ദാതാവിനെ കണ്ടെത്തി ശസ്ത്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും സുബിയുടെ മോശം ആരോഗ്യസ്ഥിതി കാരണം ശസ്ത്രക്രിയ വൈകുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡോ. സണ്ണിയുടെ വിശദീകരണം

സുബി സുരേഷ് ഇക്കഴിഞ്ഞ ജനുവരി 20നാണ് കരൾ സംബന്ധമായ അസുഖവുമായി രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഇവിടെയെത്തുമ്പോൾത്തന്നെ സുബിക്ക് കരൾ സംബന്ധമായിട്ട് ശരിക്കും രോഗമുണ്ടായിരുന്നു. ഇവിടെ വന്ന ശേഷമാണ് അവരുടെ രോഗം മൂർച്ഛിച്ചത്. സുബി ഇവിടെ വന്നതുമുതൽ കരളിനു വേണ്ട ചികിത്സ കൃത്യമായി നൽകിയിട്ടുണ്ട്. ഇൻഫെക്ഷൻ നിയന്ത്രിക്കുന്നതിനു വേണ്ട എല്ലാ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിർഭാഗ്യവശാൽ കരൾ രോഗികളുടെ രോഗ പ്രതിരോധശേഷി തീരെ കുറവായിരിക്കും. അങ്ങനെ വരുമ്പോൾ അവർ ചികിത്സാ രീതികളോട് പ്രതികരിക്കുന്നതും പല വിധത്തിലായിരിക്കും. സുബി ഇവിടെ എത്തിയതു മുതൽ ആവശ്യമായ എല്ലാ ചികിത്സയും നൽകിയെങ്കിലും അതിനോടുള്ള പ്രതികരണം തീർത്തും സാവധാനമായിരുന്നു. പ്ലാസ്മ എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള ചികിത്സകൾ പോലും ചെയ്തുനോക്കി. അപ്പോഴും ആശാവഹമായ പുരോഗതിയുണ്ടായില്ല.

അപ്പോൾത്തന്നെ ഇതൊരു കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയിലേക്കു പോകേണ്ടി വരുമെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ഇക്കാര്യം സുബിയുടെ അടുത്ത ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ആദ്യമൊക്കെ അത് ഉൾക്കൊള്ളാൻ അവർക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് അവരത് ഉൾക്കൊള്ളുകയും ആവശ്യമെങ്കിൽ ശസ്ത്രക്രിയ ആകാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തു.

ആ നിമിഷം മുതൽ സുബിക്ക് കരൾ നൽകാനുള്ള ആളെ കണ്ടെത്താൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്ന് ചെയ്യാനാകുന്ന സഹായങ്ങൾ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഡോക്ടർമാരും ചികിത്സിക്കുന്ന ഉദരരോഗ വിഭാഗത്തിലെ ഡോക്ടർമാരും നൽകുന്നുണ്ടായിരുന്നു. ക്രിട്ടിക്കൽ കെയറിലെ ഡോ.ജേക്കബ് വർഗീസ് ഉൾപ്പെടെയുള്ളവരും ഇതിനായി കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു.

നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒരു ദാതാവിനെ നമുക്കു കണ്ടെത്താനായത്. സുബിയുടെ തന്നെ ഒരു അടുത്ത ബന്ധു കരൾ നൽകുന്നതിന് തയാറായെത്തി. അതിനു ശേഷമുള്ള നടപടിക്രമങ്ങൾ വളരെ വേഗത്തിൽത്തന്നെ ഇവിടെ ചെയ്തിട്ടുണ്ട്. ആശുപത്രിയിലെ മെഡിക്കൽ ബോർഡ് ചേർന്ന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി സംസ്ഥാന മെഡിക്കൽ ബോർഡിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഇന്ന് സംസ്ഥാന മെഡിക്കൽ ബോർഡ് ചേർന്ന് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകാനിരിക്കുകയായിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ അതിനുള്ള നടപടികളെല്ലാം പൂർത്തിയായിരുന്നു.

നിർഭാഗ്യവശാൽ ഇൻസ്റ്റിറ്റ്യൂഷനിലെ മെഡിക്കൽ ബോർഡ് ചേർന്ന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയപ്പോൾത്തന്നെ ചികിത്സയോട് പ്രതികരിക്കാതെ സുബിയുടെ നില മോശമായി വരികയായിരുന്നു. ആദ്യം വൃക്കയെ ചെറുതായി ബാധിച്ചു. വളരെ പെട്ടെന്നു തന്നെ അത് ഹൃദയത്തെ ബാധിച്ചു. ഹൃദയസംബന്ധമായ തകരാർ കൊണ്ടാണ് ഇപ്പോൾ മരണം സംഭവിച്ചത്.

അവയവമാറ്റ ശസ്ത്രക്രിയ വൈകിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന തരത്തിലുള്ള വിലയിരുത്തലുകൾ ഡോ. സണ്ണി തള്ളിക്കളഞ്ഞു. ‘‘അങ്ങന പറയാനാകില്ല. അവയവമാറ്റ ശസ്ത്രക്രിയ, പ്രത്യേകിച്ചും കരൾ മാറ്റ ശസ്ത്രക്രിയ അത്ര പെട്ടെന്നു ചെയ്യാവുന്ന ഒന്നല്ല. സാധാരണ കരൾ മാറ്റ ശസ്ത്രക്രിയ ചെയ്യുന്നവരുടെ കാര്യത്തിൽ മൂന്നും നാലും മാസത്തെ നടപടിക്രമങ്ങളുണ്ട്. ദാതാവിനെ കണ്ടെത്തിയാൽ മാത്രം പോരാ, ദാതാവും സ്വീകർത്താവുമായി ബന്ധപ്പെട്ട് ഒത്തിരിയേറെ നടപടികൾ പൂർത്തിയാക്കാനുണ്ട്. അതിന്റെയൊക്കെ അവസാനം മാത്രമാണ് മെഡിക്കൽ ബോർഡുകൾക്ക് റോളുള്ളത്. അതൊക്കെ നിയമപരമായ കാര്യങ്ങളാണ്. നമുക്കു മാറ്റിവയ്ക്കാനാകില്ല. ഇതെല്ലാം വളരെ വേഗത്തിൽ പൂർത്തിയാക്കിയിട്ടും രോഗം മൂർച്ഛിച്ചതാണ് കാര്യങ്ങൾ സങ്കീർണമാക്കിയത്. ശസ്ത്രക്രിയ നടത്താൻ ഒട്ടും അനുയോജ്യമായിരുന്നില്ല സാഹചര്യങ്ങൾ.

രാജഗിരി ആശുപത്രിയിൽ സുബി ചികിത്സ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനു മുൻപും അവർക്ക് രോഗമുണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഇവിടെ എത്തുമ്പോഴേയ്ക്കും അവസ്ഥ അൽപം ഗുരുതരമായിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നു. സുബിക്കും അത് അറിവുണ്ടായിരുന്നു.

Related Articles

Latest Articles