Sunday, October 18, 2026

പെൺകുട്ടിയുടെമേൽ നാണയപൂജ, കൂട്ടത്തോടെ കരച്ചിൽ’; പ്രതിഷേധിച്ച് നാട്ടുകാർ

തൃശൂർ: മാള കുണ്ടൂരിൽ ആഭിചാരകേന്ദ്രം അടച്ചുപൂട്ടമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കള്ളിയാട്ടുതറ രാജീവ് നടത്തുന്ന മഠത്തിലാൻ മുത്തപ്പൻ കാവ് എന്ന കേന്ദ്രത്തിനെതിരെയായിരുന്നു പ്രതിഷധം. ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ ആഭിചാരക്രിയകൾ നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. കുണ്ടൂർ പൗരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം മഠത്തിലാൻ കേന്ദ്രത്തിന് മുന്നിൽ പൊലീസ് തടഞ്ഞു.

ക്ഷേത്ര മാതൃകയിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെയുള്ള ആക്രമണത്തിന് കഴിഞ്ഞ കൊല്ലം പോക്സോ വകുപ്പു ചുമത്തി രാജീവിനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ നാണയം വച്ച് പൂജ നടത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഈ കേസിപ്പോൾ വിചാരണ ഘട്ടത്തിലാണ്.

നിരന്തരം പരാതി നൽകിയിട്ടും ആഭിചാര കേന്ദ്രത്തിനെതിരെ പൊലീസ് നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇരിങ്ങാലക്കുട ആർഡിഒ ഈ കേന്ദ്രം പൊതുശല്യമാണെന്ന തരത്തിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ കേന്ദ്രം പ്രവർത്തിക്കരുതെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും അത് പാലിക്കപ്പെടുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

വാരാന്ത്യത്തിൽ കൂടുതൽ ആളുകൾ ഇവിടേക്ക് വരാറുണ്ടെന്നും സ്ത്രീകളുടെ കൂട്ടക്കരച്ചിൽ കേൾക്കാറുണ്ടെന്നും നാട്ടുകാർ പരാതി നൽകിയിരുന്നു. വിശദമായ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Latest Articles