Sunday, May 19, 2024
spot_img

സാംസ്കാരിക ദേശീയത ആയുധമാക്കിയ സ്വാതന്ത്ര്യ സമരഭടൻ; വൈവിധ്യങ്ങളെ ഈ മഹത്തായ രാഷ്ട്രത്തിന്റെ സംസ്ക്കാരമെന്ന പട്ടുനൂലിൽ കോർത്ത സാമൂഹിക പരിഷ്‌കർത്താവ്; ഭാരതീയരുടെ ലോകമാന്യ തിലകൻ

“സ്വരാജ് എൻറെ ജന്മാവകാശമാണ് അത് ഞാൻ നേടുകതന്നെചെയ്യും” എന്ന് ലോകമാന്യ തിലകൻ പ്രഖ്യാപിക്കുമ്പോൾ ആദ്യം നെറ്റി ചുളിച്ചത് കോൺഗ്രെസ്സുകാർ തന്നെയായിരുന്നു. കാരണം പൂർണ്ണ സ്വാതന്ത്ര്യം എന്നത് കോൺഗ്രസ് സ്വപ്നം കണ്ടുതുടങ്ങിയിട്ടുപോലുമില്ലായിരുന്നു. അതുകൊണ്ടുതന്നെ സംഘടനയിൽ തീവ്രവാദിയെന്ന പെരുകേട്ട് വളർന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ബാലഗംഗാധര തിലകൻ. 1889-ല്‍ കോണ്‍ഗ്രസ്സില്‍ ചേർന്ന അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നായകന്മാരിൽ ഒരാളായി മാറി. 1895-96 കാലത്ത് ബോംബെ ലെജിസ്ളേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. രാഷ്ട്രീയകാര്യങ്ങളില്‍ തീവ്രവാദിയായിരുന്ന തിലകനെ, സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും ജനിപ്പിച്ചു എന്ന കുറ്റം ചുമത്തി 1898 ജൂൺ . 27-ന് അറസ്റ്റു ചെയ്ത് 18 മാസം കഠിനതടവിനു ശിക്ഷിച്ചു. സാംസ്കാരിക ദേശീയതയെ സാമ്രാജ്യത്വത്തിനെതിരെ ആയുധമായി പ്രയോഗിച്ച നേതാവായിരുന്നു തിലകൻ. ഗണപതി ഉത്സവവും ശിവാജി ഉത്സവവും സംഘടിപ്പിച്ച് അദ്ദേഹം ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോടടുപ്പിച്ചു. ഭാരതത്തിന്റെ വൈവിധ്യങ്ങളെ സംസ്കാരമെന്ന നൂലിൽ കോർത്ത് അദ്ദേഹം രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിച്ചു.

ദേശീയ ചിന്താധാരയെ പ്രചോദിപ്പിച്ച രചനകളും അദ്ദേഹത്തിന്റേതായുണ്ട് . ചിപ്ലുങ്കര്‍ സ്ഥാപിച്ച കേസരി, മറാത്ത എന്നീ പത്രങ്ങളുടെ ആധിപത്യം 1882-ല്‍ ഏറ്റെടുത്തു. അവയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പേരില്‍ നാലു മാസം തടവിനു ശിക്ഷിക്കപ്പെട്ടു. 1908 ജൂണ്‍ 24-നു വീണ്ടും അറസ്റ്റു ചെയ്ത് ആറു വര്‍ഷത്തേക്കു നാടുകടത്തി ബര്‍മയിലെ മാന്‍ഡലേ ജയിലില്‍ പാര്‍പ്പിച്ചു. അവിടെ തടങ്കലിലിരിക്കെയാണ് പ്രഖ്യാതമായ ഗീതാരഹസ്യം എന്ന ഗ്രന്ഥം രചിച്ചത്. അയിത്തോച്ചാടനം, വിധവാവിവാഹം തുടങ്ങിയ സാമൂഹ്യ പരിഷ്കരണ സംരംഭങ്ങളിലും അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്. ധീരവും നിസ്വാർത്ഥവുമായ രാജ്യ സേവനത്തെ മുൻ നിർത്തിയാണ് ഈ രാജ്യം അദ്ദേഹത്തിന് ‘ലോകമാന്യൻ’ എന്ന വിളിപ്പേര് നൽകി ആദരിച്ചത്

Related Articles

Latest Articles