കോഴിക്കോട്: വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച കേസിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് കൈമാറും. വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ ആണ് മരിച്ചത്. സജീവന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സംഭവത്തിൽ അസ്വഭാവിക മരണതിന് വടകര പോലീസ് കേസെടുത്തിരുന്നു. നിലവിൽ കേസിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.
അതേസമയം, കേസിൽ 3 പോലീസുകാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. വടകര പോലീസ് സ്റ്റേഷനിലെ എസ്.ഐ. നിജീഷ്, എ.എസ്.ഐ. അരുണ്‍, സി.പി.ഒ. ഗിരീഷ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. രാഹുല്‍ ആര്‍. നായര്‍ സസ്പെന്‍ഡ് ചെയ്തത്. ഇവരുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ടാ തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അച്ചടക്ക നടപടി നേരിടുന്ന വടകര എസ്ഐ, എഎസ്ഐ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുനൽകിയ സജീവന്റെ മൃതദേഹം ഇന്നലെ രാത്രി സംസ്കരിച്ചു. വടകര കല്ലേരിയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
വാഹന അപകടത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സജീവനെ പോലീസ് സംഘം സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചതായി കൂടിയുണ്ടായിരുന്നവര്‍ ആരോപിച്ചിരുന്നു. നെഞ്ച് വേദനയുണ്ടെന്ന് സജീവന്‍ പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നു.

