Monday, May 13, 2024
spot_img

കേരളത്തില്‍ ബി.ജെ.പി നാല് സീറ്റുകള്‍ നേടും; സുപ്രീംകോടതി നിര്‍ദേശങ്ങളെല്ലാം നടപ്പിലാക്കാൻ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ധൈര്യം ഉണ്ടോ എന്ന് അമിത് ഷാ

ദില്ലി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി നാല് സീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സുപ്രീംകോടതി വിധിയുടെ മറ പിടിച്ച്‌ ഭഗവാന്‍ അയ്യപ്പനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള സര്‍ക്കാരിന്റെ നടപടികള്‍ നേരിടാന്‍ ബി.ജെ.പി. ഒരുക്കമാണെന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും അമിത് ഷാ പറഞ്ഞു. ഉച്ചഭാഷിണികളുടെ ഉപയോഗം തടയുന്നതുള്‍പ്പെടെ സുപ്രീംകോടതിയുടേതായി നിരവധി നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതെല്ലാം നടപ്പില്‍ വരുത്താതെ ശബരിമലയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനെന്നും അമിത് ഷാ ചോദിച്ചു.

ഈ നിര്‍ദേശങ്ങളെല്ലാം നടപ്പില്‍ വരുത്താന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ധൈര്യം ഉണ്ടോ എന്നും ഇതില്‍ ഒരെണ്ണമെങ്കിലും അവര്‍ നടപ്പില്‍ വരുത്തട്ടെ എന്നും അമിത് ഷാ പറഞ്ഞു. കര്‍ണാടകത്തില്‍ അഴിമതി രൂക്ഷമായിരിക്കുകയാണെന്നും ജനഹിതത്തിനു എതിരായാണ് കോണ്‍ഗ്രസ്, ജെ.ഡി.എസ്. സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചതെന്നും അമിത് ഷാ പറഞ്ഞു. തമിഴ്നാട്ടില്‍ ഡി.എം.കെ, കോണ്‍ഗ്രസ് സഖ്യം മികച്ച വിജയം നേടുമെന്ന് മാദ്ധ്യമങ്ങള്‍ തുടക്കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിനോട് അടുക്കമ്പോള്‍ ഇരു കക്ഷികള്‍ക്കും തുല്യ ജയസാദ്ധ്യതയാണ് അവര്‍ പ്രവചിക്കുന്നതെന്നും​ അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles