ഭോപ്പാല്‍: കുനൂരിലെ ഹെലികോപ്ടർ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റനായ വരുണ്‍ സിംഗിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിതാവിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വരുണ്‍ സിങ് ഒരു പോരാളിയാണെന്നും ഈ പോരാട്ടത്തില്‍ അവന്‍ ജയിച്ചുകയറുമെന്നും മുന്‍ സൈനിക ഉദ്യോഗസ്ഥനായ പിതാവ് കെ.പി.സിങ് പറഞ്ഞു.
നിലവില്‍ ബംഗളൂരുവിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം മുതൽ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ഡോക്ടർമാർ. എന്നാൽ രക്തസമ്മർദത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ കൈകൾക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. വില്ലിങ്ടൺ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചത്.
സംയുക്ത സൈനിക തലവന്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. വരുണ്‍ മാത്രമാണ് രക്ഷപ്പെട്ടത്. മാത്രമല്ല വരുണിന്‍റെ ആരോഗ്യസ്ഥിതിയില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കിലും പോരാളിയായ മകന്‍ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കുടുംബം. ഒന്നും പറയാന്‍ പറ്റാത്ത തരത്തില്‍ ആരോഗ്യ സ്ഥിതിയില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുകയാണ്. ഓരോ മണിക്കൂറിലും മകന്‍റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ സ്ഥിതിയില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ട്. നിലവില്‍ അവന്‍ മികച്ച കൈകളിലാണ്. മികച്ച ആരോഗ്യ സൗകര്യങ്ങളും വിദഗ്ധ ഡോക്ടര്‍മാരുമാണ് മകനെ പരിചരിക്കുന്നത്. രാജ്യത്തിന്‍റെ മൊത്തം പ്രാര്‍ഥനയും അവനോടപ്പമുണ്ട്.
മകനെ അറിയാത്തവരും വിരമിച്ചവരും സേവനമനുഷ്ഠിക്കുന്നവരുമായ നിരവധി പേര്‍ അവനെ കാണാന്‍ വന്നതില്‍ ഞാന്‍ വികാരാധീനനാണ്. അവന്‍ വിജയിയായി പുറത്തുവരും, അവന്‍ ഒരു പോരാളിയാണ്, അവന്‍ പുറത്തുവരും,കെ.പി. സിങ് പറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തേജസ് ലൈറ്റ് കോംബാറ്റ് വിമാനത്തില്‍ ഉണ്ടായേക്കാവുന്ന മിഡ്-എയര്‍ അപകടം ഒഴിവാക്കിയതിന് ആഗസ്റ്റില്‍ വരുണ്‍ സിങ്ങിന് ശൗര്യ ചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു.

