Thursday, December 25, 2025

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; അഞ്ച് ജില്ലകളില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. കര്‍ശന കൊവിഡ‍് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.

രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. അതേസമയം ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്‍റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പോളിംഗ്. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കൂ.

അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളാണ് മറ്റന്നാൾ ബൂത്തിലെത്തുന്നത്, കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ കൊട്ടിക്കലാശം ഉണ്ടാവില്ല. പകരം രാവിലെ മുതൽ വാർഡ് കേന്ദ്രങ്ങളിൽ സ്ഥാനാർഥികൾ റോഡ് ഷോ നടത്തും. പ്രമുഖ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പ്രചാരണത്തിന് എത്തിയിരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയും നടക്കും.

Related Articles

Latest Articles