ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ സാമാന്യം ഉയർന്ന ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്ന് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 19.2 ഓവറിലാണ് ലക്നൗ മറികടന്നത്. ആറാം ജയത്തോടെ 13 പോയിന്റുമായി ലക്നൗ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി.
45 പന്തുകളിൽ നിന്ന് 64 റൺസെടുത്തു പുറത്താകാതെ നിന്ന പ്രേരക് മങ്കാദിന്റെ പ്രകടനമാണ് ലക്നൗവിനെ തുണച്ചത്. വലിയ വിജയ ലക്ഷ്യത്തിനു മുന്നിൽ നേരത്തേ ബാറ്റിങ്ങിന് ഇറങ്ങിയ മാര്‍കസ് സ്റ്റോയ്നിസ് തകർപ്പൻ തുടക്കമാണ് ലക്നൗവിന് നൽകിയത്. 25 പന്തുകളിൽനിന്ന് സ്റ്റോയ്നിസ് 40 റൺസാണ് അടിച്ചെടുത്തത്. നേരിട്ട 13 പന്തിൽ ഏഴും ബൗണ്ടറി കടത്തി 44 റൺസടിച്ച നിക്കോളാസ് പുരാനും തകർത്തുകളിച്ചതോടെ നാലു പന്തുകൾ ബാക്കി നിൽക്കെ ലക്നൗ വിജയത്തിലെത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. 29 പന്തിൽ 47 റൺസെടുത്ത ഹെൻറിച് ക്ലാസനാണ് ഹൈദരാബാദിനായി തിളങ്ങിയത്. ഹൈദരാബാദിനായി അൻമോൽപ്രീത് സിങ് (27 പന്തിൽ 36), ക്യാപ്റ്റൻ എയ്ഡൻ മർക്റാം (20 പന്തിൽ 28), അബ്ദുൽ സമദ് (25 പന്തിൽ 37) എന്നിവരും ബാറ്റിംഗ് നിരയിൽ തിളങ്ങി.

