Monday, May 20, 2024
spot_img

തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഭീഷണി പ്രസംഗം നടത്തിയ അബ്ബാസ് അൻസാരിയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി; ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു

ലക്‌നൗ: തിരഞ്ഞെടുപ്പ് റാലിയ്‌ക്കിടെ ഭീഷണി പ്രസംഗം നടത്തിയ എംഎൽഎയും കുറ്റവാളി മുക്താർ അൻസാരിയുടെ മകനുമായ അബ്ബാസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ലക്‌നൗ കോടതിയുടേതാണ് നടപടി. കേസിൽ അബ്ബാസ് അൻസാരിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു.

ഭീഷണി പരാമർശങ്ങളിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ അബ്ബാസ് അൻസാരി ഒളിവിൽ പോയിരുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളുമായി ബന്ധപ്പെട്ട് അബ്ബാസിനെയും, മുക്താർ അൻസാരിയെയും അറസ്റ്റ് ചെയ്യാൻ പോലീസ് ഗാസിപൂരിലെ ഇവരുടെ തറവാട്ടിൽ എത്തിയെങ്കിലും ഇവർ അവിടെയുണ്ടായിരുന്നില്ല. തുടർന്ന് പോലീസ് ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അബ്ബാസ് അൻസാരിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. മുക്താർ അൻസാരി, ഭാര്യ അഫ്‌സ അൻസാരി, അബ്ബാസ് അൻസാരി, അഫ്‌സയുടെ ഭാര്യാ സഹോദരൻ എന്നിവരെയാണ് കോടതി പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റാലിയിൽ ആയിരുന്നു അബ്ബാസ് ഭീഷണി മുഴക്കിയത്. എതിർ സ്ഥാനാർത്ഥികളിൽ ഭയമുളവാക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയ അബ്ബാസിനെതിരെ മഹാനഗർ പോലീസ് ആണ് കേസ് എടുത്തിരുന്നത്.

Related Articles

Latest Articles