Friday, June 14, 2024
spot_img

ലൈഫ് മിഷന്‍ കോഴക്കേസ്; ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ച് എം ശിവശങ്കര്‍, നടപടി ജാമ്യ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ച് എം ശിവശങ്കര്‍. ജാമ്യ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം, ഹര്‍ജിക്കാര്‍ വിചാരണ കോടതിയില്‍ സമീപിച്ചപ്പോള്‍, അടിയന്തര ചികിത്സാ സാഹചര്യമില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന നിലപാടെടുത്തു.

അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലല്ലോ എന്നും ഹൈക്കോടതി ചോദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്ന് ഇഡിയുടെ അഭിഭാഷകന്‍ വാദിച്ചു. അവസാന പരിഹാരമായാണ് ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തതെന്നും ശിവശങ്കര്‍ ഏത് നിമിഷവും മരണപ്പെട്ടേക്കാം എന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അത്തരം കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെ, സുപ്രീംകോടതിയെ സമീപിക്കാനായി ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

Related Articles

Latest Articles