Friday, May 17, 2024
spot_img

പ്രതികൾ പഴഞ്ചൻ പ്രാകൃത വിശ്വാസങ്ങളുടെ ഇരകൾ; ആദ്യം ഉന്മൂലനം ചെയ്യേണ്ടത് ഇത്തരം വിശ്വാസങ്ങളെ; തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല, യുദ്ധം തുടരും; രണ്ടാം ഘട്ട വിധിയെത്തുടർന്ന് ശക്തമായ പ്രതികരണവുമായി ടി ജെ ജോസഫ്

തിരുവനന്തപുരം: പ്രവാചക നിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കോടതി രണ്ടാം ഘട്ട വിധി പറഞ്ഞിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ അടക്കം ആറുപേർ കുറ്റാക്കാരെന്നും ഭീകരപ്രവർത്തനം തെളിഞ്ഞെന്നും കോടതി കണ്ടെത്തിയിരിക്കുന്നു. ശിക്ഷ നാളെ വിധിക്കും. വിധിയെ തുടർന്ന് പ്രൊഫ. ടി ജെ ജോസഫ് നടത്തിയ പ്രതികരണം ശ്രദ്ധേയമാകുകയാണ്. പ്രതികളെ ശിക്ഷിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും പ്രതികൾ പ്രാകൃത വിശ്വാസങ്ങളുടെ ഇരകളെന്നും ഇത്തരം വിശ്വാസങ്ങളെയാണ് ആദ്യം ഉന്മൂലനം ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

വിധിയിൽ ഇഷ്ടാനിഷ്ടങ്ങളില്ല. പ്രതികൾ ശിക്ഷിക്കപ്പെടുന്നതോടെ ഇരകൾക്ക് നീതി ലഭിക്കുന്നുവന്ന ധാരണ തനിക്കില്ല. രാജ്യത്തിന് നീതികിട്ടി എന്ന് കരുതാം. 1400 ലധികം വർഷങ്ങൾ പഴക്കമുള്ള ഈ മനുഷ്യത്വ രഹിതമായ വിശ്വാസ സംഹിതകളെ തച്ചുടക്കണം. തന്റെ ജീവിതം ആരും തകർത്തിട്ടില്ല. പൂർവ്വാധികം ഭംഗിയായി മുന്നോട്ട് പോകുന്നു. ഏതൊരു പോരാട്ടത്തിലും വിജയിക്ക് ചില നഷ്ടങ്ങളുണ്ടാകും. അത്തരം ചില നഷ്ടങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ട്. തന്റെ ജീവിതം മാറി മറിഞ്ഞു എന്നത് ശരിയാണ്. സ്വന്തം കാര്യം നോക്കി നടന്നിരുന്ന തന്നെ അവർ ആക്രമിച്ചു. എന്നാൽ താനിപ്പോൾ അവർക്കെതിരെയുള്ള യുദ്ധത്തിലാണ്. ഈ പോരാട്ടം തുടരും. തനിക്കിപ്പോൾ ആരെയും ഭയമില്ലെന്നും ഓരോ യുദ്ധത്തിനും ജീവിതത്തിനും സ്വാഭാവികമായ അന്ത്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊടുപുഴ ന്യുമാൻ കോളേജിലെ ചോദ്യപേപ്പറിൽ പ്രൊഫസർ ടി ജെ ജോസഫ് തയാറാക്കിയ ഒരു ചോദ്യത്തിൽ പ്രവാചക നിന്ദ ആരോപിച്ചാണ് നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ അദ്ദേഹത്തിന്റെ കൈവെട്ടിയത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ പുരോഗതി ഉണ്ടായില്ല. എൻ ഐ എ അന്വേഷിച്ച കേസിൽ രണ്ടു ഘട്ടങ്ങളായാണ് വിചാരണ പൂർത്തിയായത്. കേസിൽ ഭീകര പ്രവർത്തനം തെളിയുകയും 11 പ്രതികളെ ആദ്യ ഘട്ട വിചാരണയിൽ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ഒളിവിലായിരുന്ന കൂടുതൽ പ്രതികൾ പിടിയിലായതോടെയാണ് കുറ്റപത്രം നൽകി രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളിൽ മൂന്നുപേർക്കെതിരെയും യു എ പി എ നിലനിൽക്കും. കേസിൽ ഒന്നാം പ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദ് ഇനിയും പിടിയിലായിട്ടില്ല എന്നത് ശ്രദ്ധേയമാണ്

Related Articles

Latest Articles