Monday, May 20, 2024
spot_img

ശിവശങ്കറിന് ഇന്ന് നിര്‍ണായകം: സ്വത്തുക്കള്‍ കണ്ടുകെട്ടാനാരംഭിച്ച് ഇഡി: കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഇഡി കുറ്റപത്രം സമർപ്പിക്കുന്നതോടെ ശിവശങ്കറിന് സ്വാഭാവികജാമ്യത്തിനുള്ള സാധ്യത നഷ്ടമാകും. ശിവശങ്കർ അറസ്റ്റിലായി 60 ദിവസത്തിനുമുൻപ് കുറ്റപത്രം തയ്യാറാക്കാനായിരുന്നു ഇഡിയുടെ ശ്രമം. ഇക്കഴിഞ്ഞ ഒക്ടോബർ മാസം 28നാണ് ശിവശങ്കർ അറസ്റ്റിലായത്. എന്നാല്‍ കേസിൽ ശിവശങ്കർ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ് ഇഡി കുറ്റപത്രം സമർപ്പിക്കുന്നത്.

അതേസമയം ശിവശങ്കറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചു. സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും ഇഡി കണ്ടുകെട്ടിയിരുന്നു. ഇരുവരുടേയും ലോക്കറിലുണ്ടായിരുന്ന പണമുള്‍പ്പെടെ ഒരു കോടി 85 ലക്ഷം രൂപയാണ് കണ്ടു കെട്ടിയത്. ലോക്കറില്‍ കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നതിന് തെളിവ് ലഭിച്ചുവെന്നും ഇഡി കോടതിയില്‍ അറിയിച്ചു. പൂവാര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, കരമന ആക്‌സിസ് ബാങ്ക്, മുട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് ,കേരള ഗ്രാമിണ്‍ ബാങ്ക് എന്നിവിടങ്ങളിലെ നിക്ഷേപമാണ് കണ്ടു കെട്ടിയത്. ലോക്കറില്‍ കണ്ടത് ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിന് കോഴയായി ലഭിച്ച പണമാണെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി.

ഡിസംബര്‍ 26-ാം തീയതിയാകുമ്പോള്‍ ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം കഴിയുമെന്നതിനാലാണ് ഇഡി ദ്രുതഗതിയില്‍ നീക്കം നടത്തുന്നത്. 25,26,27 തീയതികള്‍ അവധിയായതിനാല്‍ ഇന്നത്തെ ദിവസം ശിവശങ്കറിന് നിര്‍ണ്ണായകമായിരിക്കും.

Related Articles

Latest Articles