മണ്ണാർക്കാട്: മധുവിന് നീതി കിട്ടി എന്ന് തന്നെയാണ് മധുവിന്റെ അമ്മയും ബന്ധുക്കളും പറയുന്നത്. പക്ഷെ 16 പേരും കുറ്റക്കാരാണെന്നും രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്നും അവർ പറയുന്നു. പക്ഷെ ഇന്നലെ മുതൽ മധുവിന്റെ വീടിനും കോടതി പരിസരത്തും സുരക്ഷ വർദ്ധിപ്പിച്ചത് എന്തിന് എന്ന ചോദ്യത്തിന് ഇന്ന് കോടതിപരിസരത്ത് ഉത്തരമുണ്ടായി. വിധിവന്നശേഷം പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ പ്രതികളുടെ ബന്ധുക്കൾ അക്രമാസക്തരായി. മാദ്ധ്യമപ്രവർത്തകരോട്
അടക്കം അവർ തട്ടിക്കയറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്‌തു. 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്നാണ് മണ്ണാർക്കാട് കോടതി ഇന്ന് വിധി പറഞ്ഞത്. ശിക്ഷാവിധി നാളെയുണ്ടാകും.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ചു മധുവിനെ കാട്ടിൽനിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മുക്കാലിയിലെത്തിച്ചു. മുക്കാലിയിൽ എത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷൻ കേസ്. വനത്തിൽ ആണ്ടിയളച്ചാൽ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കാട്ടിൽ അതിക്രമിച്ചു കയറിയെന്നു വനംവകുപ്പ് കേസും നിലവിലുണ്ട്.

