Wednesday, May 15, 2024
spot_img

മദ്ധ്യപ്രദേശിലെ പടക്ക നിര്‍മ്മാണ ശാലയിലെ സ്ഫോടനം; മരണം 11 കടന്നു; ഉടമകള്‍ അറസ്റ്റില്‍;ലൈസന്‍സില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ പടക്ക ശാലയില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തൽ

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 കടന്നു. 174 പേര്‍ക്ക് പരിക്ക്. പടക്ക ശാലയുടെ ഉടമകളായ രാജേഷ് അഗര്‍വാള്‍, സോമേഷ് അഗര്‍വാള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ പടക്ക ശാലയില്‍ സൂക്ഷിച്ചിരുന്നതാണ് വന്‍ സ്ഫോടനത്തിന് കാരണമായത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നായിരുന്നു ഉടമകളെ അറസ്റ്റ് ചെയ്തത്.

മൂന്ന് വര്‍ഷം മുമ്പ് ഫാക്ടറിയില്‍ മറ്റൊരു സ്ഫോടനം നടന്നിരുന്നു. അന്ന് തൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഉടമകളിലൊരാളായ രാജേഷ് അഗര്‍വാളിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ആവര്‍ത്തിച്ചുള്ള അപകടങ്ങളും സുരക്ഷാ ആശങ്കകളും ഉണ്ടായിരുന്നിട്ടും, പടക്കശാലയുടെ ലൈസന്‍സ് റദ്ദാക്കിയില്ല. കഴിഞ്ഞ ദിവസത്തെ ദുരന്തം വരെ പടക്കങ്ങളുടെ നിര്‍മ്മാണം തുടരാന്‍ അനുവദിച്ചു.

ഇന്നലത്തെ സ്‌ഫോടനത്തില്‍ പടക്ക ശാലയ്ക്ക് ചുറ്റുമായി താമസിക്കുന്ന 50 കുടുബങ്ങളെയും സ്‌ഫോടനം ബാധിച്ചു. ഇതിന്റെ പ്രകമ്പനത്തില്‍ മിക്ക വീടുകളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. കൂടാതെ, സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ നിരവധി വാഹനങ്ങളും കത്തി നശിച്ചു.

അതേസമയം, പരിക്കേറ്റവരെ കാണാന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് തലസ്ഥാനത്തെ ഹമീദിയ ആശുപത്രിയിലെത്തിയിരുന്നു. ദുരന്തത്തിനിരയായവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles