മധ്യപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശം നടത്തി വിവാദത്തിന് തുടക്കം കുറിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജ പടേരിയയെ അറസ്റ്റ് ചെയ്തു. രാജ പടേരിയയുടെ വസതിയിൽ നിന്ന് മധ്യപ്രദേശ് പന്ന പോലീസ് ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് നേതാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 451, 504, 505 (1)(ബി), 505(1)(സി), 506, 153-ബി(1)(സി) പ്രകാരം പടേരിയയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പന്ന ജില്ലയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, ‘ഭരണഘടനയെ രക്ഷിക്കാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തണമെന്നായിരുന്നു പടേരിയയുടെ പരാമർശം. പ്രസംഗം വിവാദമായതിനെ തുടർന്ന് പടേരിയ വിശദീകരണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക എന്നാണ് പ്രസംഗത്തിൽ താൻ ഉദ്ദേശിച്ചതെന്നും സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയാണ് പ്രചാരണം എന്നും പടേരിയ പറഞ്ഞു.
മോദിയെ രാഷ്ട്രീയമായി പരാജയപ്പെടുത്തണമെന്ന് ഉദ്ദേശിച്ചതിനാൽ വീഡിയോയിൽ തന്റെ അഭിപ്രായം തെറ്റായി ചിത്രീകരിച്ചിരിക്കുകയാണെന്ന് അവകാശപ്പെട്ട് പടേരിയ പുതിയ വീഡിയോ പുറത്തിറക്കി.

