കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. റാലിക്ക് അനുമതി നിഷേധിച്ച തമിഴ്‌നാട് പോലീസ് നടപടിക്കെതിരെ ബിജെപി കോയമ്പത്തൂര്‍ ജില്ലാ അദ്ധ്യക്ഷൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി റാലിക്ക് അനുമതി നൽകാൻ പോലീസിന് നിര്‍ദേശം നല്‍കിയത്. ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അറിയിച്ചിട്ടുണ്ട്.
ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വരുന്ന തിങ്കളാഴ്ച നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് അനുമതി നിഷേധിച്ചത് പരീക്ഷയുള്ള കുട്ടികളെ ബാധിക്കുമെന്നതാണ് പോലീസ് നിരത്തുന്ന അടുത്ത കാരണം. കോയമ്പത്തൂര്‍ ടൗണില്‍ നിന്നാരംഭിച്ച് ആർ.എസ്.പുരത്ത് സമാപിക്കുന്ന നാലു കിലോമീറ്റര്‍ ദൈർഘ്യമുള്ള റോഡ്ഷോ നടത്തുന്നതിനാണ് ബിജെപി അനുമതി തേടിയത്. 1998ൽ ബോംബ് സ്ഫോടനം നടന്ന സ്ഥലമാണ് ആർ.എസ് പുരം.
റാലിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചപ്പോൾ സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ എസ്പിജി അനുമതി നൽകുമോ എന്ന് കോടതി ചോദിച്ചു. തങ്ങളുടെ അനുമതിയും വേണമെന്നായിരുന്നു പോലീസിന്‍റെ മറുപടി.

