തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പിലെ മദ്രസയിൽ വിദ്യാർത്ഥിക്ക് നേരിടേണ്ടിവന്നത് ക്രൂര പീഢനമെന്ന് പരാതി. കൂത്തുപറമ്പ് ഇശ അത്തുൽ ഉലൂം മദ്രസയിലാണ് തിരുവനന്തപുരം സ്വദേശിയായ അജ്‌മൽ ഖാന് മർദ്ദനമേറ്റത്. മദ്രസ അദ്ധ്യാപകൻ ഉമയർ അഷ്‌റഫിയ്‌ക്കെതിരെ വിദ്യാർത്ഥിയുടെ പരാതിയിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു. കേസ് കൂത്തുപറമ്പ് പൊലീസിന് കൈമാറും. നാല് മാസമായി കൊടിയ പീഢനം തുടരുകയായിരുന്നു. മർദ്ദനം സഹിക്കാൻ കഴിയാതെ വിദ്യാർത്ഥി മദ്രസയിൽ നിന്നിറങ്ങിയോടി രക്ഷപെടുകയായിരുന്നു.
ആദ്യം തമാശയ്ക്കാണ് അദ്ധ്യാപകൻ മർദ്ദിച്ചിരുന്നത്. അപ്പോൾ അത് ആസ്വദിച്ചിരുന്നു. പിന്നീട് ക്രൂരമായ മർദ്ദനം തുടരുകയായിരുന്നു. പ്ലെയർ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിലും, ചെവി, മൂക്ക് എന്നിവിടങ്ങളിലും മുറിവുണ്ടാക്കുമായിരുന്നു. സ്വകാര്യഭാഗത്തും കണ്ണുകളിലും മുളകുപൊളി തേച്ചിരുന്നു. ഇങ്ങനെ നാലുമാസമായി അദ്ധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചു. ഭയം കാരണം പുറത്തു പറഞ്ഞില്ല. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്നും ഇസ്തിരിപ്പെട്ടി ചൂടാക്കി സ്വകാര്യ ഭാഗങ്ങളിൽ പൊള്ളിച്ചുവെന്നും വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്. മർദ്ദനം സഹിക്കാൻ കഴിയാതെ പുലർച്ചെ മൂന്നു മണിക്ക് മദ്രസയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തൊട്ടടുത്ത പള്ളിയിൽ അഭയം തേടിയശേഷം തന്നെ ആശുപത്രിയിലോ പോലീസ് സ്റ്റേഷനിലോ എത്തിക്കാൻ അജ്‌മൽ ഖാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് മഹല്ല് കമ്മിറ്റി അധികൃതരാണ് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷിതാക്കൾക്ക് കൈമാറിയത്. അജ്‌മൽ ഖാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരം മുഴുവൻ മുറിവേറ്റ പാടുകളുണ്ട്. കൂത്തുപറമ്പിലെ മഹല്ല് കമ്മിറ്റി തങ്ങൾക്ക് മർദ്ദന വിവരം അറിയില്ലെന്ന് വിശദീകരിക്കുന്നുണ്ട്. എന്നാൽ നാലുമാസമായി മദ്രസയിൽ നടക്കുന്ന ശാരീരിക പീഢനങ്ങൾ അധികൃതർ എന്തുകൊണ്ട് അറിഞ്ഞില്ലെന്നതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

