പ്രയാഗ്‌രാജ്: ഏറ്റവും വലിയ ആത്മീയ സംഗമമായ പ്രയാഗ്‌രാജിലെ മഹാകുംഭമേള ഇന്ന് അവസാനിക്കും .ശിവരാത്രി ദിനമായ ഇന്ന് മഹാ കുംഭമേള സമാപിക്കാനിരിക്കെ, പുണ്യസ്നാനം നടത്തുന്നതിനായി ലക്ഷക്കണക്കിന് ഭക്തർ ആണ് ബുധനാഴ്ച പുലർച്ചെ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ ഒത്തുകൂടിയത്.ഇന്ന് ഒരു കോടിയിലധികം ഭക്തർ സംഗമത്തിൽ എത്തുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേളയിൽ ഏകദേശം 40 കോടി സന്ദർശകർ പങ്കെടുക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി 24 ആയപ്പോഴേക്കും 63 കോടിയിലധികം പേർ പങ്കെടുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ സ്ഥിരീകരിച്ചതോടെ ഈ കണക്ക് വളരെയധികം മറികടന്നു.
അതേസമയം ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച 1.33 കോടി ഭക്തർ സംഗമത്തിലും മേള പ്രദേശത്തെ മറ്റ് ഘട്ടുകളിലുമായി പുണ്യസ്നാനം നടത്തി. ഇതോടെ 2025 ലെ മഹാ കുംഭമേളയില്‍ പങ്കെടുത്ത ഭക്തരുടെ എണ്ണം 65 കോടി കവിഞ്ഞു.തിരക്ക് കണക്കിലെടുത്ത് വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകൾ, റോഡുകൾ, നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ ഭക്തരുടെ നിരന്തരമായ ഒഴുക്ക് അനുഭവപ്പെട്ടു. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനും, ലോജിസ്റ്റിക്കൽ ഏകോപനം ഉറപ്പാക്കുന്നതിനും പോലീസ്, അർദ്ധസൈനിക സേനകൾ, ദുരന്ത നിവാരണ സംഘങ്ങൾ എന്നിവയുൾപ്പെടെയുള്ള നിയമ നിർവ്വഹണ ഏജൻസികളെ വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെയും അടിയന്തര പ്രതികരണ യൂണിറ്റുകളെയും വിന്യസിച്ചിട്ടുണ്ട്, ദുരന്ത നിവാരണ സേനകൾ സജ്ജരാണ്.

