Wednesday, May 22, 2024
spot_img

257 പേരുടെ ജീവൻ പൊലിഞ്ഞ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരൻ യാക്കൂബ് മേമന്റെ കബറിടം നവീകരിച്ച് അലങ്കരിച്ച നിലയിൽ; യാക്കൂബിനെ ആരാധിക്കുന്ന തീവ്രവാദി സമൂഹം മുംബൈയിലെന്ന് സംശയം; കബറിടത്തിൽ മാർബിൾ പാകി വൈദ്യുത വിളക്കുകൾ സ്ഥാപിച്ചു; നടപടിയെടുത്ത് മഹാരാഷ്ട്ര സർക്കാർ

മുംബൈ: 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യസൂത്രധാരൻ, വധശിക്ഷക്ക് വിധേയനായ കുറ്റവാളി യാക്കൂബ്മേമൻറെ കബറിടം സൗന്ദര്യവത്കരിക്കപ്പെട്ട നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടിയുമായി മഹാരാഷ്ട്ര സർക്കാർ. മാര്‍ബിള്‍ പാകി, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് കബറിടം നവീകരിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. കബറിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന എല്‍ഇഡി ലൈറ്റുകള്‍ വ്യാഴാഴ്ച രാവിലെ നീക്കം ചെയ്തിട്ടുണ്ട്. അതിനിടെ, ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്താണ് കബറിടത്തിന്റെ നവീകരണം നടന്നെതെന്നാണ് സൂചന.

ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്താണ് സൗന്ദര്യവത്കരണം നടന്നതെന്നാണ് ആരോപണം. യാക്കൂബ് മേമന്റെ കബറിടം ശവകുടീരമാക്കി മാറ്റിയതിനെപ്പറ്റി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുന്നയിച്ച് ബിജെപി നേതാവ് രാം കദം രംഗത്തെത്തിയിട്ടുണ്ട്. ‘ഉദ്ധവ് താക്കറെ ആയിരുന്നു അന്ന് മുഖ്യമന്ത്രി. 1993 ല്‍ പാകിസ്താനുവേണ്ടി മുംബൈയില്‍ സ്‌ഫോടന പരമ്പര നടത്തിയ കൊടുംഭീകരവാദി യാക്കൂബ് മേമമന്റെ കബറിടമാണ് സൗന്ദര്യവത്കരിച്ചത്. ഇതാണോ മുംബൈയോടുള്ള അവരുടെ സ്‌നേഹം. ഇതാണോ രാജ്യസ്‌നേഹം. ശരദ് പവാറും രാഹുല്‍ ഗാന്ധിയും ഉദ്ധവ് താക്കറെയും മുംബൈയിലെ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണം’ – രാം കദം ആവശ്യപ്പെട്ടു.

അതിനിടെ, യാക്കൂബ് മെമന്റെ കബറിടത്തിന് സമീപം സ്ഥാപിച്ച എല്‍ഇഡി ലൈറ്റുകളും ഹാലൊജന്‍ ലൈറ്റുകളും നീക്കംചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുംബൈ പോലീസിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ 2015 ജൂലായ് 30-ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയിരുന്നു. യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമന്‍ ആയിരുന്നു സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 723 പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്മാരകം പണിയില്ലെന്ന ഉറപ്പിന്മേലാണ് വധശിക്ഷക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് അന്ന് വിട്ടുനൽകിയത്.

Related Articles

Latest Articles