Wednesday, May 15, 2024
spot_img

മഹാരാഷ്ട്രയില്‍ ബിജെപിക്ക് സാവകാശം; ഗവര്‍ണറുടെ വിശദമായ വാദം കേള്‍ക്കും, കേസ് നാളെ വീണ്ടും സുപ്രീംകോടതിയില്‍

ദില്ലി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമെന്ന സേന എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാതെ സുപ്രീംകോടതി. കേസില്‍ നാളെ വീണ്ടും വാദം തുടരുമെന്നാണ് സുപ്രീംകോടതി നിലപാട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്ക് ബിജെപിക്ക് മുന്നില്‍ കൂടുതല്‍ സമയവും സാവകാശവും ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മഹാരാഷ്ട്രയില്‍ നിലവിലുള്ള സ്ഥിതഗതികള്‍ ചോദ്യം ചെയ്താണ് സേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. പ്രഗത്ഭരായ അഭിഭാഷകരുടെ നീണ്ട നിരയാണ് സുപ്രീംകോടതിയില്‍ വാദത്തിനായി അണിനിരന്നത്. ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത് .

രാഷ്ട്രപതി ഭരണം പിന്‍വലിച്ചതും ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യ പ്രതിജ്ഞക്ക് സാഹചര്യമൊരുങ്ങിയത് അടക്കമുള്ള കാര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. ഗവര്‍ണറുടെ നടപടിയിലെ ചട്ടലംഘനം പരിഗണനാ വിഷയം അല്ലെന്നായിരുന്നു ജസ്റ്റിസ് എന്‍വി രമണയുടെ മറുപടി. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിലേക്ക് വാദപ്രതിവാദങ്ങള്‍ മാറുകയായിരുന്നു.

കുതിരക്കച്ചവടത്തിന് സാഹചര്യം ഒരുക്കരുതെന്നും ഇന്ന് തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും സേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം കോടതിയില്‍ ആവശ്യപ്പെട്ടു, ദേവേന്ദ്ര ഫ്‌നാവിസ് ഹാജരാക്കിയ പിന്തുണ കത്ത് പോലും ഗവര്‍ണര്‍ പരിശോധിച്ചില്ലെന്ന് എന്‍സിപിക്കും കോണ്‍ഗ്രസിനും വേണ്ടി മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

ബിജെപി എംഎല്‍എമാര്‍ക്കും ചില സ്വതന്ത്ര എംഎല്‍എമാര്‍ക്കും വേണ്ടിയാണ് വാദമെന്ന് പറഞ്ഞ മുകുള്‍ റോത്തഗി അടിയന്തരമായി ഞായറാഴ്ച കേസ് പരിഗണിക്കുന്നതെന്തിനാണെന്ന ചോദ്യം ഉന്നയിച്ചു. അത് ചീഫ് ജസ്റ്റിസിന്റെ വിവേചന അധികാരത്തില്‍ പെടുന്നതാണെന്നായിരുന്നു കോടതിയുടെ മറുപടി.

മുഖ്യമന്ത്രി ആകാന്‍ ഗവര്‍ണര്‍ക്ക് ആരെയും ക്ഷണിക്കാമെന്നും അത് ഗവര്‍ണറുടെ വിവേചന അധികാരമാണെന്നും മുകുള്‍ റോത്തഗിയും ആവര്‍ത്തിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ എത്ര സമയം വേണമെന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. ഗവര്‍ണറുടെ ഈ അവകാശത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ല .ഗവര്‍ണറുടെ നടപടിക്ക് 361 ആം അനുച്ഛേദത്തിന്റെ പരിരക്ഷയുണ്ടെന്നായിരുന്നു വാദം.

അതിനിടെ ആദ്യം ഗവര്‍ണര്‍ക്ക് വേണ്ടി വാദിച്ച് തുടങ്ങിയ തുഷാര്‍ മേത്ത പിന്നീട് കേന്ദ്രസര്‍ക്കാരിന് വേണ്ടിയാണ് വാദം എന്ന് തിരുത്തി പറയുകയും ചെയ്തു. രേഖകള്‍ പരിശോധിക്കാന്‍ സമയം വേണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ രൂപീകരണ തീരുമാനത്തിന് ആധാരമായ രണ്ട് കത്തുകള്‍ നാളെ ഹാജരാക്കാണമെന്ന് കോടതി ഉത്തരവിട്ടു. കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കും.

ദേവേന്ദ്ര ഫഡ്‌നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നല്‍കിയ കത്തും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കത്തും കോടതി പരിശോധിക്കും. എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ട് അജിത് പവാര്‍ നല്‍കിയ കത്തിന്റെ സാധുതയും കൂടി വിലയിരുത്തിയാകും തീരുമാനം

Related Articles

Latest Articles