മുംബൈ: പ്രളയം തകര്‍ത്ത മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി മന്ത്രിയും. ഫഡ്‌നാവിസ് മന്ത്രിസഭയിലെ ജലവിഭവ മന്ത്രി ഗിരീഷ് മഹാജനാണ് പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ജീവന്‍ പണയം വെച്ചിറങ്ങിയത്. മഹാരാഷ്ട്ര ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മന്ത്രിയുടെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍ പുറംലോകമറിഞ്ഞത്. പ്രളയബാധിത പ്രദേശങ്ങളിലൂടെ രക്ഷാപ്രവര്‍ത്തകരോടൊപ്പം കഴുത്തൊപ്പം വെള്ളത്തില്‍ നീന്തുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ഇങ്ങനെയാണ് ബിജെപി എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നതെന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.
മഹാരാഷ്ട്രയില്‍ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച സാംഗ്ലി ജില്ലയിലാണ് മന്ത്രി ഗിരീഷ് മഹാജന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. വെള്ളിയാഴ്ച മാത്രം പ്രളയത്തെ തുടര്‍ന്ന് ഒന്‍പത് പേരാണ് സാംഗ്ലിയില്‍ മരിച്ചത്. ജീവന്‍ പണയം വച്ച് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

