Saturday, May 18, 2024
spot_img

ഒരു തുളളി രക്തം പോലും ചിന്താതെ പോരാടി വിജയിക്കാന്‍ ലോകത്തെ പഠിപ്പിച്ച മഹാത്മാവ്; ഇന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം. സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച അദ്ദേഹത്തിന്റെ ജീവിതം ലോകത്തിന് തന്നെ മാതൃകയായിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പ്രതീക്ഷയും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ ആജീവനാന്തം പോരാടിയ നേതാവ്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ഗാന്ധിജി ലോകമെമ്പാടും ശ്രദ്ധേയനായി. ഉച്ചനീചത്വങ്ങളില്ലാത്ത, മതവൈരമില്ലാത്ത, അയിത്തവും അനാചാരങ്ങളുമില്ലാത്ത, ഏവര്‍ക്കും തുല്യനീതിയും തുല്യപങ്കാളിത്തവുമുള്ള സമത്വസുന്ദരമായ ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നം.

രാജ്യം സ്വാതന്ത്ര്യം നേടുന്നതിനായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിരവധി പോരാട്ടങ്ങളാണ് വിദേശികള്‍ക്കെതിരെ നടന്നത്. റൗലറ്റ് നിയമം ഉപയോഗിച്ച് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഗാന്ധിജിയുടെ ആഹ്വാന പ്രകാരം പതിനായിരക്കണക്കിന് സ്വാതന്ത്ര്യസമര പോരാളികള്‍ തെരുവിലിറങ്ങി. ജാലിയന്‍വാലബാഗില്‍ ആയിരങ്ങളാണ് വെടിയേറ്റുവീണത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിസഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടു. വിദേശ ഉത്പന്നങ്ങള്‍ ഒന്നടങ്കം ബഹിഷ്‌കരിച്ചു. സഹികെട്ട ബ്രിട്ടീഷ് സാമ്രാജ്യത്വം ദേശദ്രോഹക്കുറ്റം ചുമത്തി ഗാന്ധിജിയെ തുറങ്കലിലടച്ചു.

1930ല്‍ ദണ്ഡിയാത്ര. 1942ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് തുടക്കമിട്ടു. ഗത്യന്തരമില്ലാതെ ബ്രിട്ടന്‍ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യന്‍ ആവശ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കുന്നു. ഒടുവില്‍ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കുന്നു. എന്നാല്‍ ഇന്ത്യയുടെ ആത്മാവ് വെട്ടിമുറിച്ചാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം തിരിച്ചുപോയത്. ഇന്ത്യ വിഭജിക്കപ്പെട്ടു. ഗാന്ധിജി എന്ന മനുഷ്യന്റെ സ്വപ്നങ്ങള്‍ തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട കലാപം. പലായനങ്ങള്‍. ദുഃഖിതനായ ഗാന്ധിജി ദില്ലിയില്‍ നിന്ന് കല്‍ക്കട്ടയിലേയ്ക്ക് പോയി. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ശ്രമിച്ചു. ഒടുവില്‍ 1948 ജനുവരി 30ന് നാഥൂറാം ഗോഡ്‌സെയുടെ വെടിയേറ്റാണ് മഹാത്മാ ഗാന്ധി മരണം വരിച്ചത്. നൂറുകണക്കിന് ജനങ്ങളുടെ ശക്തിയും പ്രതീക്ഷയുമായിരുന്ന ആ മഹാത്മാവ് അങ്ങനെ ഈ ലോകത്തില്‍ നിന്നും വിടവാങ്ങി.

Related Articles

Latest Articles