Saturday, May 18, 2024
spot_img

എംബസി സ്ഫോടനം: അന്വേഷണത്തിന് മൊസാദും; ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ

ദില്ലി: ഇസ്രായേലിന് പൂർണ പിന്തുണയുമായി ഇന്ത്യ. ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇസ്രായേല്‍ എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. സംഭവം ഗൗരവമായി കണക്കിലെടുക്കുമെന്നും അന്വേഷണവും നടക്കുകയാണെന്നും, കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്‌ഫോടനത്തെക്കുറിച്ച്‌ ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസിയോട് സംസാരിച്ചുവെന്നും എസ്. ജയ്ശങ്കര്‍ പറഞ്ഞു. ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പരിരക്ഷ നല്‍കുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതായും ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. അതേസമയം ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായവും അന്വേഷണത്തിനായി ഇന്ത്യ തേടിയിട്ടുണ്ട്.

ദില്ലിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിർത്തിയിട്ട കാറുകൾക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളപായമില്ല. ദില്ലി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ഒരു കുപ്പിയിൽ വച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതേസമയം സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചിരിക്കുകയാണ്. അതേസമയം അതീവ സുരക്ഷാ മേഖലയിൽ ഉണ്ടായ സ്ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാൽ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇസ്രായേൽ എംബസിക്കടുത്തെ സ്ഫോടനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിവരം കൈമാറി. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർദ്ധിപ്പിക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles