Thursday, May 2, 2024
spot_img

ശ്രീലങ്കയില്‍ സ്‍പീക്കര്‍ താത്കാലിക പ്രസിഡന്‍റാകും; പുതിയ പ്രസിഡന്‍റ് ഒരുമാസത്തിന് ശേഷം; പാര്‍ലമെന്‍റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കും

കൊളംബോ: ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ്‍വര്‍ധനേ താത്കാലിക പ്രസിഡന്‍റാകും. ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനാണ് തീരുമാനം. പാര്‍ലമെന്‍റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കുമെന്നാണ് സൂചന. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടാകും. നിലവിലെ പ്രസിഡന്‍റ് ഗോത്തബയ രജപക്സെ രാജിസന്നദ്ധത ഇന്നലെ അറിയിച്ചിരുന്നു. പ്രക്ഷോഭം തുടരുകയും രാജിവെച്ച പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ വീടിന് തീയിടുകയും ചെയ്തതിന് പിന്നാലെയാണ് രാജിസന്നദ്ധത അറിയിച്ചത്. കലാപം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു.

അതേസമയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ തൽക്കാലം ഇടപെടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം പ്രതിഷേധവുമായി മുന്നോട്ടു പോവുകയാണ് .

അധികാരത്തിൽ വീണ്ടും എത്തിയ ഉടനെ ജനപ്രീതി കൂട്ടാന്‍ നികുതി കുറച്ച സര്‍ക്കാരായിരുന്നു മഹീന്ദ രജപക്സേയുടേത്. രാജ്യത്തിന്‍റെ സാമ്പത്തിക ഘടനയെ ആദ്യം ബാധിച്ചത് ഇതാണ്. 2019 ലെ ഭീകരാക്രമണവും തൊട്ടുപിന്നാലെ വന്ന കൊവിഡും വിനോദസഞ്ചാരം പ്രധാന വരുമാനമാക്കിയ രാജ്യത്തിന്‍റെ നട്ടെല്ലൊടിച്ചു. ജൈവകൃഷിയിലേക്ക് തിരിഞ്ഞത് കാര്‍ഷിക മേഖലെയും തളര്‍ത്തി.

Related Articles

Latest Articles