ജയ്പുർ: ഉദയ്‌പൂർ, അമരാവതി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിക തീവ്രവാദം ഉയർത്തുന്ന ഭീഷണികളും ഇത് നേരിടുന്നതിൽ സംഘത്തിന്റെ പങ്കും ചർച്ച ചെയ്ത് ആർ എസ്സ് എസ്സ് പ്രാന്തപ്രചാരകന്മാരുടെ യോഗം. സർസംഘചാലക് മോഹൻഭഗവത് അടക്കമുള്ള ഉന്നത നേതാക്കൾ രാജസ്ഥാനിൽ വച്ച് നടന്ന മൂന്നു ദിവസത്തെ യോഗത്തിൽ പങ്കെടുത്തു. “ഇത്തരം യോഗങ്ങളിൽ സമകാലിക സംഭവങ്ങൾ ചർച്ചയാകാറുണ്ട്. അതുകൊണ്ടുതന്നെ അമരാവതി, ഉദയ്പൂർ സംഭവങ്ങൾ ചർച്ചയായി. ഈ സംഭവങ്ങളിൽ വലിയ പ്രതിഷേധം സമൂഹത്തിലുണ്ട്. എന്നാൽ ഈ പ്രതിഷേധങ്ങൾ സമാധാനപരവും ജനാധിപത്യപരവുമാകണം. അതാണ് വിഷയത്തിൽ സംഘത്തിന്റെ പങ്ക്” ഒരു മുതിർന്ന ആർ എസ്സ് എസ്സ് നേതാവ് പറഞ്ഞു. വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെയായിരുന്നു പ്രാന്ത പ്രചാരകന്മാരുടെ യോഗം. കോവിഡ്കാലത്തിനു ശേഷം ആദ്യമായാണ് ഇത്തരം യോഗങ്ങൾ സംഘം സംഘടിപ്പിക്കുന്നത്. അഭിപ്രായ സ്വാത്രന്ത്ര്യം വിനിയോഗിക്കുമ്പോൾ സമൂഹത്തിന്റെ വികാരം പരിഗണിക്കുകയും മാനിക്കുകയും വേണമെന്ന് ആർ എസ്സ് എസ്സ് നേതാവ് സുനിൽ അംബേദ്‌കർ അഭിപ്രായപ്പെട്ടു. ഒരു സിനിമാ പോസ്റ്ററിൽ കാളി മാതാവിനെ വികലമായി ചിത്രീകരിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം പ്രതികരിച്ചത്.
സംഘടനാ വികാസം സംബന്ധിച്ച സുപ്രധാന ചർച്ചകൾ യോഗത്തിൽ നടന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 23000 പേർ സംഘ ശിക്ഷാ വർഗ്ഗ് എന്ന പരിശീലന പദ്ധതിയിൽ പങ്കെടുത്തതായും അതിൽ 18981 പേർ 40 വയസ്സിനു താഴെയുള്ളവരും 2925 പേർ 40 വയസ്സിന് മുകളിലുള്ളവരാണ്. രാജ്യത്താകമാനം 101 കേന്ദ്രങ്ങളിൽ ഇത്തരം പരിശീലനങ്ങൾ നടന്നതായി സംഘം അറിയിച്ചു. ആർ എസ്സ് എസ്സിന് രാജ്യത്താകെ 56824 ശാഖകളാണുള്ളത്. 2025 ന് നൂറുവയസ്സ് പൂർത്തിയാക്കുമ്പോൾ വിപുലമായ സംഘടനാ വികാസമാണ് സംഘം പദ്ധതിയിട്ടിരിക്കുന്നത്.

