കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ആദ്യ പൂർണ്ണ ബജറ്റിൽ ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പിനുള്ള സാമ്പത്തിക വിഹിതത്തിൽ വൻ വെട്ടിക്കുറയ്ക്കൽ . മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ 2025 -26 സാമ്പത്തിക വർഷത്തെ ഇടക്കാല ബജറ്റിൽ വകയിരുത്തിയിരുന്ന തുകയേക്കാൾ മൂവായിരത്തി അഞ്ഞൂറ്റി നാൽപ്പത്തിയെട്ട് കോടി രൂപയാണ് പുതിയ ബജറ്റിൽ കുറച്ചിരിക്കുന്നത്. ഏകദേശം അറുപത് ശതമാനത്തിലധികം തുകയാണ് ധനമന്ത്രി സ്വപൻ ദാസ്‌ഗുപ്ത ഇത്തരത്തിൽ വെട്ടിക്കുറച്ചിരിക്കുന്നത്.
നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ന്യൂനപക്ഷ വകുപ്പിനായി 2265.4 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മമത ബാനർജി സർക്കാർ തങ്ങളുടെ ഇടക്കാല ബജറ്റിൽ 5713 കോടി രൂപ മാറ്റിവെച്ച സ്ഥാനത്താണിത്. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സഹായങ്ങൾ, നൈപുണ്യ വികസന പരിപാടികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് ഈ വകുപ്പാണ്. കൂടാതെ പശ്ചിമ ബംഗാളിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന അറുനൂറിലധികം അംഗീകൃത മദ്രസകളുടെ ഭരണവും വികസനവും ഈ വകുപ്പിന് കീഴിലാണ് വരുന്നത്. നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ സ്ഥാപനങ്ങളിൽ പഠിക്കുന്നത്.

