അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ സെൻട്രൽ ടോളിനു സമീപം അർബൻ ബാങ്കിനു സമീപത്താണ് അപകടമുണ്ടായത്. പുനലൂരിൽനിന്ന് കായംകുളത്തിന് പോയ ഓർഡിനറി ബസാണ് അപകടമുണ്ടാക്കിയത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. അടിപിടി കേസിൽ റിമാൻഡിലായ പ്രതികളെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കോയിപ്രം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഷിബു എസ്. രാജൻ, സിപിഒമാരായ കെ.ഐ. മുഹമ്മദ് റഷാദ്, എസ്. സുജിത്ത് എന്നിവർക്കും പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോൺ(49), സിജു എബ്രഹാം(39) എന്നിവർക്കും ബസിൽ യാത്രചെയ്ത കായംകുളം സ്വദേശിയായ ഷീജ(52)യ്ക്കുമാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ട ജീപ്പ് മുന്നിലെ മറ്റൊരു ബസിലും ഇടിച്ചു. ജീപ്പ് പൂർണമായും തകർന്ന നിലയിലാണ്.

