കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന എൻ.എസ്. സുനിലിന് വീണ്ടും കനത്ത തിരിച്ചടി. വിചാരണക്കോടതി വിധിച്ച ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന സുനിയുടെ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് . ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ തീർപ്പ് കൽപ്പിച്ചത്. സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ നിയമവിരുദ്ധമായോ പ്രകടമായ രീതിയിലോ ഉള്ള യാതൊരുവിധ അപാകതകളും ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതി കണ്ടെത്തിയ കാര്യങ്ങൾ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാൻ തക്കവണ്ണം അവിശ്വസനീയമോ യുക്തിരഹിതമോ ആണെന്ന് കരുതാൻ കഴിയില്ലെന്നും, അസാധാരണമായ സാഹചര്യങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രതിഭാഗം പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
ഹർജിയെ സംസ്ഥാന സർക്കാരും അതിജീവിതയും കോടതിയിൽ ശക്തമായി എതിർത്തിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ നടി അതിക്രമത്തിന് ഇരയായ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുപോകാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് സർക്കാർ പ്രധാനമായും പങ്കുവെച്ചത്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും യാതൊരു കാരണവശാലും പ്രതിക്ക് ജാമ്യം നൽകരുതെന്നും അതിജീവിതയും കോടതിയെ ബോധിപ്പിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജകുമാർ വാദിച്ചു. കൂടാതെ പ്രതിയുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിചാരണാവേളയിലുൾപ്പെടെ ഇതിനോടകം എട്ടുവർഷത്തിലധികമായി താൻ ജയിലിലാണെന്നും, ദീർഘനാളത്തെ ജയിൽവാസം കണക്കിലെടുത്ത് ശിക്ഷ സസ്പെൻഡ് ചെയ്യണമെന്നുമായിരുന്നു പൾസർ സുനിക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ വാദിച്ചത്. എന്നാൽ, ദീർഘനാൾ ജയിലിൽ കിടന്നു എന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമായി കാണാനാകില്ലെന്ന് അതിജീവിതയ്ക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗോവർ വാദിച്ചു. വിചാരണക്കോടതി ഉത്തരവിനെതിരെ അതിജീവിതയും അപ്പീൽ ഫയൽ ചെയ്യുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് പ്രതി ജയിലിൽ തുടരണമെന്ന നിർണായക ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

