Monday, October 19, 2026

ചതിയൻ പ്രതാപനെ മലബാറിന് വേണ്ട ! ടി എൻ പ്രതാപനെതിരെ ഫ്ലക്സ് ബോർഡുകളുമായി കോഴിക്കോട്ടെ കോൺഗ്രസ് പോരാളികൾ

കോഴിക്കോട് : കോൺഗ്രസ് നേതാവും മുൻ എംപിയുമായ ടി എൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ. ചതിയൻ ടി എൻ പ്രതാപനെ മലബാറിന് വേണ്ട എന്നാണ് ഫ്ലക്‌സിൽ എഴുതിയിരിക്കുന്നത്. ടി എൻ പ്രതാപന് കോഴിക്കോട് അടങ്ങുന്ന മലബാറിന്റെ ചുമതല കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പോസ്റ്ററുകൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കോഴിക്കോട് നടക്കാവ് മേഖലയിലാണ് ടി എൻ പ്രതാപനെതിരായ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ എന്നും പ്രതാപനെതിരായ ഫ്ലക്സ് ബോർഡിൽ പരാമർശമുണ്ട്. കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ടി എൻ പ്രതാപനെ തഴഞ്ഞ് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതാപന് അസ്വാരസ്യമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം പ്രവർത്തിച്ചതായും കോൺഗ്രസ് ഘടകങ്ങളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടി എൻ പ്രതാപനെതിരായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles