മുംബൈ : സീസണിലെ ആദ്യ സെഞ്ചുറിയുമായി ഗുജറാത്തിനെതിരായ മത്സരത്തിൽ സൂര്യകുമാർയാദവ് മിന്നിത്തിളങ്ങിയപ്പോൾ കൃത്യതയോടെ ഷോട്ടുകൾ പായിച്ച് സൂര്യയ്ക്ക് പിന്തുണ നൽകിയ താരത്തെ കണ്ട് കമന്ററി ബോക്സിൽ സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യം ഇങ്ങനെയായിരുന്നു, ‘ആരാണീ പയ്യൻ, എവിടെ നിന്നാണ് വരുന്നത്’.
മുബൈയുടെ യുവ ബാറ്റർ തിലക് വർമ പരിക്കേറ്റു ടീമിൽ നിന്ന് പുറത്തായതോടെയാണ് വിഷ്ണു വിനോദിന് നറുക്ക് വീണത്. അഞ്ചാമനായി ബാറ്റിങ്ങിന് ഇറങ്ങിയ വിഷ്ണു 20 പന്തുകൾ നേരിട്ട് 30 റൺസെടുത്തു പുറത്തായി. രണ്ട് ഫോറും രണ്ട് സിക്സും വിഷ്ണുവിന്റെ ബാറ്റിൽ നിന്ന് പിറന്നു.
സൂര്യകുമാർ യാദവിനൊപ്പം 65 റൺസ് കൂട്ടുകെട്ടാണ് വിഷ്ണു വിനോദ് ഗുജറാത്തിനെതിരെ ഉയർത്തിയത്. മുൻപ് 2017ലാണ് വിഷ്ണു ഐപിഎല്ലിൽ അവസാനം കളിച്ചത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി മൂന്നു കളികളിൽ വിഷ്ണു ജേഴ്സിയണിഞ്ഞു.
പിന്നീട് ലേലത്തിൽ ആരും വാങ്ങിയില്ല. മൂന്ന് വർഷം ഐപിഎല്‍ കളിച്ചില്ല. രണ്ട് സീസണുകളിൽ ദില്ലി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മികച്ച പ്രകടനങ്ങൾ നടത്തിയ താരത്തിന് ആറു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് വീണ്ടുമൊരു ഐപിഎൽ മത്സരത്തിൽ അവസരം കിട്ടിയത്.

