Monday, May 20, 2024
spot_img

നിർണ്ണായക ജയവുമായി മുംബൈ ; സീസണിലെ ആദ്യ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ്

മുംബൈ : പോയിന്റ് ടേബിളിലെ വമ്പന്മാർക്കെതിരെ നിർണ്ണായക ജയവുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. ഈ സീസണിലെ ആദ്യത്തെ സെഞ്ചുറി ബാറ്റിംഗ് പ്രകടനം പിറന്ന മത്സരത്തിൽ പൊരുതി തന്നെയാണ് ഗുജറാത്ത് തോൽവി സമ്മതിച്ചത്. 49 പന്തിൽ 11 ഫോറും 6 സിക്സുമടക്കം 210 സ്ട്രൈക്ക് റേറ്റിൽ തന്റെ കന്നി ഐപിഎൽ സെഞ്ചുറിയുമായി (103*) സൂര്യകുമാർ മുംബൈയ്ക്കായി കത്തിക്കയറിയപ്പോൾ മറുവശത്ത് റാഷിദ് ഖാൻ (32 പന്തിൽ 79 നോട്ടൗട്ട്) ഗുജറാത്തിന് വേണ്ടി തിളങ്ങി.5 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ ഉയർത്തിയ 219 റൺസെന്ന വൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

സൂര്യകുമാർ യാദവ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. സൂര്യക്ക് പുറമെ ഇഷാൻ കിഷൻ (20 പന്തിൽ 31), മലയാളി താരം വിഷ്ണു വിനോദ് (20 പന്തിൽ 30) എന്നിവരും മുംബൈ ബാറ്റിംഗ് നിരയിൽ തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇഷാൻ കിഷനും പവർപ്ലേയിൽ 61 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ രോഹിത്തിനെയും ഇഷാനെയും ഒരേ ഓവറിൽ മടക്കിയ റാഷിദ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ ക്രീസിലെത്തിയ സൂര്യ കരുതലോടെയാണ് തുടങ്ങിയത്. 16 ഓവർ പൂർത്തിയാകുമ്പോൾ 31 പന്തിൽ 46 റൺസായിരുന്നു സൂര്യയുടെ സമ്പാദ്യം.പിന്നീടങ്ങോട്ട് നേരിട്ട 18 പന്തിൽ നിന്ന് 58 റൺസ് നേടി.ഗുജറാത്തിനു വേണ്ടി റാഷിദ് ഖാൻ 4 ഓവറിൽ 30 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ബാറ്റർമാരെ നിലയുറപ്പിക്കാൻ മുംബൈ ബോളർമാർ സമ്മതിച്ചില്ല. 3 വിക്കറ്റെടുത്ത ആകാശ് മദ്‌വാലും 2 വിക്കറ്റ് വീതം വീഴ്ത്തിയ പിയൂഷ് ചൗളയും കുമാർ കാർത്തികേയയും കൂടി ഗുജറാത്ത് ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടി.

ഡേവിഡ് മില്ലർ (41) ഒഴികെ മറ്റു ഗുജറാത്ത് ബാറ്റർമാർ ആരും ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ മടങ്ങി. എന്നാൽ വാലറ്റത്ത് 10 സിക്സും 3 ഫോറുമായി റാഷിദ് മത്സരം ഗുജറാത്തിന് അനുകൂലമാക്കുമോ എന്ന് തോന്നിപ്പിച്ചു.റാഷിദിന് കൂട്ടായി ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ മത്സര ഫലം മറ്റൊന്നായേനെ.

Related Articles

Latest Articles