Wednesday, September 23, 2026

മംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍;കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതായി ആരോപണം; അന്വേഷണം ആരംഭിച്ച് പോലീസ്

കാസര്‍ഗോഡ്: മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍. ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശിനി പത്തൊമ്പത് വയസ്സുകാരിയായ നീന സതീഷാണ് മരിച്ചത്. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് പെൺകുട്ടി.

കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിലെ കുളിമുറിയിലാണ് തൂങ്ങിയ നിലയില്‍ നീനയെ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവര്‍ ഉടന്‍ വിദ്യാര്‍ത്ഥിനിയെ മംഗളൂരിലെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.

അതേസമയം ഫീസടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഇക്കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

മാത്രമല്ല കോളേജ് അധികൃതര്‍ ദിവസവും അരമണിക്കൂര്‍ നേരം മാത്രമേ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാന്‍ കഴിയാത്തതില്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നും സഹപാഠികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles