ദില്ലി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ റിപ്പോർട്ടിനെതിരെ രാജ്യത്തെ പ്രമുഖർ രംഗത്ത്. സുപ്രീംകോടതി മുൻ ജഡ്ജിമാർ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ, മുൻ നയതന്ത്രജ്ഞർ എന്നിവരടക്കം 275 പേരാണ് അമേരിക്കൻ കമ്മിഷന്റെ റിപ്പോർട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രസ്താവനയിറക്കിയത്. റിപ്പോർട്ട് മുൻവിധിയോടെയുള്ളതും ദുരുദ്ദേശ്യപരവുമാണെന്ന് ഇവർ കുറ്റപ്പെടുത്തി.
ഇന്ത്യയിലെ മതസ്വാതന്ത്ര്യം തകർച്ചയിലാണെന്നും വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്നുവെന്നുമുള്ള അമേരിക്കൻ ഏജൻസിയുടെ വാർഷിക റിപ്പോർട്ടിലെ പരാമർശങ്ങൾ തികച്ചും ബുദ്ധിശൂന്യമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയവരുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. അമേരിക്കൻ ജനതയുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കമ്മിഷനിലെ ആറ് കമ്മിഷണർമാരും അമേരിക്കൻ സർക്കാർ നിയോഗിച്ചവരാണെന്നും ഇവരുടെ ലക്ഷ്യം ഇന്ത്യയെ മോശമായി ചിത്രീകരിക്കുക എന്നതാണെന്നും ഇവർ ആരോപിച്ചു.
സുപ്രീംകോടതി മുൻ ജഡ്ജിമാരായ എ.കെ. ഗോയൽ, ഹേമന്ത് ഗുപ്ത, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഒ.പി. റാവത്ത്, സുനിൽ അറോറ, മുൻ വിദേശകാര്യ സെക്രട്ടറി കൻവൽ സിബൽ, എൻഐഎ മുൻ ഡയറക്ടർ ശരത് ചന്ദേർ മോദി തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പിട്ട പ്രമുഖർ. ഇതിൽ 25 മുൻ ജഡ്ജിമാരും 119 മുൻ ഉദ്യോഗസ്ഥരും 10 മുൻ അംബാസഡർമാരും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന 131 പേരും ഉൾപ്പെടുന്നു. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാനുള്ള വിദേശ ഏജൻസികളുടെ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു

