തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ റെയ്ഡിന് എത്തിയ എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ അസാധാരണ നടപടിയുമായി ബംഗാൾ സർക്കാർ. അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ ബന്ധുക്കളുടെ പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തിരിക്കുകയാണ് ബംഗാൾ പോലീസ്.
മൂന്നു പേർ കൊല്ലപ്പെടാൻ കാരണമായ 2022ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് ഈസ്റ്റ് മിഡ്നാപുരിൽ താമസിക്കുന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ ഇന്നലെയാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. റെയ്ഡിനൊടുവിൽ ബാലയ്ചരൺ മൈത്രി, മനോബ്രത ജാന എന്നീ നേതാക്കളെ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് ഇവരുടെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെ ചുമത്തി കേസെടുത്തത്.അറസ്റ്റിലായ മനോബ്രത ജാനയുടെ ഭാര്യ മോനി ജാന ഉൾപ്പെടെയുള്ളവരാണ് ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പോലീസിൽ പരാതി നൽകിയത്.
അതേസമയം അറസ്റ്റിലായ പ്രതികളുമായി കൊൽക്കത്തയിലേക്കു മടങ്ങുംവഴി എൻഐഎ സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരുന്നു. ഇതിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. പിന്നീട് കേന്ദ്ര സേനയെത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് മടങ്ങാൻ കഴിഞ്ഞത്. നേരത്തെ സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ക്കിന്റെ വീട്ടിൽ റെയ്ഡിനു പോയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

