Saturday, May 4, 2024
spot_img

ശാഠ്യം പിടിച്ച് ദീദി: ബംഗാളില്‍ കഴിയണമെങ്കില്‍ ബംഗാളി പഠിക്കണമെന്ന് മമത

കാഞ്ചരപാഢ : ബംഗാളില്‍ താമസിക്കണമെങ്കില്‍ ബംഗാളിഭാഷ സംസാരിക്കാന്‍ പഠിക്കണമെന്ന് സംസ്ഥാനത്ത് കഴിയുന്ന ഇതരദേശക്കാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ്.

‘ബംഗ്ലയുമായി ഞങ്ങള്‍ക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. ബിഹാര്‍, യുപി, പഞ്ചാബ് എന്നിവിടങ്ങളില്‍ ചെല്ലുമ്പോൾ അവിടത്ത ഭാഷയാണ് ഞാന്‍ സംസാരിക്കാറ്. നിങ്ങള്‍ ബംഗാളിലാണ് താമസിക്കുന്നതെങ്കില്‍ ബംഗാളി പഠിക്കണം. ശേഷം വേണമെങ്കില്‍ ഇംഗ്ളീഷോ ഹിന്ദിയോ സംസാരിക്കാം. ഞാനത് കാര്യമാക്കുന്നില്ലെന്ന് മമത പറഞ്ഞു.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കാഞ്ചരപാഢയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഹിന്ദി സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള പ്രദേശമാണിത്.
മേഖലയില്‍ ന്യൂനപക്ഷ വിഭാഗക്കാരുടെയും ബംഗാളികളുടെയും വീടുകള്‍ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയണമെന്നു പറഞ്ഞ മമത, ബംഗാളി സഹോദരരെ പീഡിപ്പിച്ച്‌ ഇവിടെ സമാധാനപരമായി ജീവിക്കാമെന്ന് ആരും കരുതേണ്ടെന്നും മുന്നറിയിപ്പുനല്‍കി.

ബംഗാളില്‍ താമസിച്ച്‌ ‘തെമ്മാടിത്തരം’ കാണിക്കുന്നവരോട് ക്ഷമിക്കില്ല. വ്യാഴാഴ്ച രാത്രി തൃണമൂലിന്റെ പതാകകളും ബാനറുകളും നശിപ്പിച്ചവര്‍ക്കെതിരേ പോലീസ് കര്‍ശനനടപടി സ്വീകരിച്ചില്ല. കുറ്റവാളികളെ മൂന്നു ദിവസത്തിനകം അറസ്റ്റു ചെയ്യണമെന്നും അവര്‍ നിര്‍ദേശിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലില്‍ നിന്ന് ബിജെപി. സീറ്റു പിടിച്ചെടുത്ത ബൈരക്പുര്‍ മണ്ഡലത്തിനു കീഴില്‍ വരുന്നതാണ് കാഞ്ചരപാഢ. ഫലം വന്നതുമുതല്‍ ഇവിടെ രാഷ്ട്രീയകൊലപാതകങ്ങളും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles