Friday, May 3, 2024
spot_img

ഇ ഡി യുടെ പിടിയിലായ വിശ്വസ്‌തനെ കയ്യൊഴിഞ്ഞ് മമത; അറസ്റ്റിലായ പാർത്ഥ ചാറ്റർജി ബംഗാൾ മുഖ്യമന്ത്രിയെ വിളിച്ചത് മൂന്നു തവണ; കേന്ദ്ര ഏജൻസികളിൽ നിന്ന് ഒളിച്ചോടി മമതാ ബാനർജി

കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി അറസ്റ്റിനു ശേഷം മൂന്നു തവണ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനർജിയെ ഫോണിൽ വിളിച്ചതായി രേഖകൾ. അറസ്റ്റിലായാൽ വിവരം ബന്ധുക്കളെ അറിയിക്കാൻ അവസരം നൽകാറുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിയാണ് മന്ത്രി മമതയെ വിളിച്ചത്. ശനിയാഴ്ച പുലർച്ചെ 1.55നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2.33ന് പാർത്ഥ മുഖ്യമന്ത്രിക്ക് ആദ്യ കോൾ ചെയ്തു. എന്നാൽ ഫോൺ എടുത്തില്ല. പിന്നീട് പുലർച്ചെ 3.37നും രാവിലെ 9.35നും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അറസ്റ്റ് മെമോയിൽ പറയുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനായിരുന്നു പാർത്ഥ. പാർത്ഥയുടെ പെൺ സുഹൃത്തും നടിയും മോഡലുമായ അർപ്പിതാ മുഖർജിയുടെ ഫ്ലാറ്റിൽ നിന്നും കോടിക്കണക്കിന് രൂപയുടെ കറൻസിയും മറ്റ് രേഖകളും ഇ ഡി യുടെ റെയ്‌ഡിൽ പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്.

പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2014– 21 കാലത്താണ് അഴിമതി നടന്നത്. അദ്ധ്യാപകരുടെയും ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെയും നിയമനത്തിലാണ് ക്രമക്കേട് നടന്നത്. തൃണമൂൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി കൂടിയായ പാർഥ ചാറ്റർജിയെ 26 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്. അർപിതയെയും അറസ്റ്റ് ചെയ്തു. മന്ത്രിയുടെ അറസ്റ്റ് തൃണമൂൽ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മമതാ ബാനർജിയുടെ മന്ത്രിസഭയിൽ നടക്കുന്ന അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നുണ്ട്.

Related Articles

Latest Articles