Tuesday, May 21, 2024
spot_img

പച്ചക്കറിയോടൊപ്പം കഞ്ചാവും; കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന യുവാവ് അറസ്റ്റിൽ , 530 ഗ്രാം കഞ്ചാവും 3000 രൂപയും പിടിച്ചെടുത്തു

കല്‍പ്പറ്റ: പട്ടണത്തിൽ പച്ചക്കറി വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ തലശ്ശേരി ചിറക്കര ചമ്പാടാന്‍ വീട്ടില്‍ ജോസ് എന്ന മഹേഷാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 530 ഗ്രാം കഞ്ചാവും 3000 രൂപയും പിടിച്ചെടുത്തു. പച്ചക്കറി വില്‍പ്പന നടത്തുന്നുവെന്ന വ്യാജേന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കലായിരുന്നു ഇയാളുടെ പ്രധാന പരിപാടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്‍ഡിപിഎസ് ആക്ട് പ്രകാരം പ്രതിയെ കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി അനൂപ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം എ രഘു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എ സുനില്‍കുമാര്‍, വി കെ വൈശാഖ്, സി കെ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ ഉണ്ടായിരുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പച്ചക്കറി വണ്ടിയില്‍ ഹാന്‍സ് അടക്കമുള്ള ലഹരിവസ്തുക്കള്‍ കടത്തുന്നതിനിടെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ യുവാക്കള്‍ പിടിയിലായിരുന്നു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലും പച്ചക്കറി ചാക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവം ഉണ്ടായിരുന്നു. വലിയ ലോറികളില്‍ പച്ചക്കറി പോലുള്ള ലോഡിനൊപ്പം ഹാന്‍സ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നതായി ആരോപണമുണ്ടെങ്കിലും വലിയ വാഹനങ്ങള്‍ യഥാവിധി പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഇല്ല.

Related Articles

Latest Articles