കൊല്ലം: വിവാഹാലോചന നിരസിച്ച യുവതിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് മീനത്തുചേരി ശ്രീകൃഷ്ണ ഭവനത്തിൽ ബി. സന്തോഷ് ആണ് (27) പിടിയിലായത്.
കഴിഞ്ഞ മാസം 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് യുവതിയെ പല ദിവസങ്ങളിലും പിന്തുടരുമായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ആക്രമണം നടത്തിയത്. യുവതി വീട്ടിലേക്ക് വരുന്ന ഇടവഴിയിൽ സ്കൂട്ടറിൽ എത്തി തടഞ്ഞ് നിർത്തി അസഭ്യം പറയുകയും അടിക്കുകയുമായിരുന്നു.
ഇതേതുടർന്ന് യുവതി നൽകിയ പരാതിയിൽ ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ്. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ ഐ.ബി. ആശ, എ.എസ്.ഐമാരായ ഡാർവിൻ, പ്രദീപ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

