Sunday, May 19, 2024
spot_img

ഓണ്‍ലൈനില്‍ റമ്മി കളിച്ച്‌ 21ലക്ഷം രൂപ നഷ്ടമായി; തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം: ഓൺലൈൻ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടമായ യുവാവ് തൂങ്ങി മരിച്ചു. കുറ്റിച്ചൽ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഐഎസ്‌ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്. ഡിസംബര്‍ 31-ാം തീയതിയാണ് വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 ലക്ഷം രൂപയോളം വിനീതിന് ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ നഷ്‌ടമായെന്നാണ് സൂചന.

വിനീത് ‌ഒരു വര്‍ഷമായി ഓണ്‍ലൈന്‍ റമ്മി കളിയുടെ അടിമയായിരുന്നു. പല സ്വകാര്യ ലോൺ കമ്പനികളിൽ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓൺലൈനായി റമ്മി കളിച്ചത്. എന്നാൽ ഇതിൽ പല കളികളിലും ഉളള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി വിനീത് മാറി. ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച വിനോദമാണ് വിനീതിന്റെ ജീവനെടുത്തത്.

21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം അടയ്‌ക്കുകയും ചെയ്‌തു. നിൽക്കക്കളളിയില്ലാതെ വന്നതോടെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. അന്ന് പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. തിരികെ വന്ന ശേഷം വിനീത് വിഷാദത്തിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. നേരത്തെ ഹൈക്കോടതി ഓണ്‍ലൈന്‍ റമ്മി സംസ്‌ഥാനത്ത്‌ നിരോധിച്ചെങ്കിലും കളിയുടെ പേരില്‍ മാറ്റം വരുത്തി റമ്മി കമ്ബനികള്‍ അനുകൂല ഉത്തരവ് സമ്ബാദിക്കുകയായിരുന്നു.

Related Articles

Latest Articles