ശബരിമല; മണ്ഡല – മകരവിളക്ക് (Mandala Makaravilakku) തിരുവാഭരണദർശന മഹോത്സവത്തോടു അനുബന്ധിച്ച് നടക്കുന്ന “മണ്ഡല വിളക്ക് മഹോത്സവം” ഡിസംബർ 26ന്. ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ചാണ് മഹോത്സവം നടക്കുന്നത്. ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള പങ്കെടുക്കും. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശ്രീമൂലം തിരുനാൾ ശശികുമാര വർമ്മ അനുഗ്രഹപ്രഭാഷണം നടത്തും. അതോടൊപ്പം പരിപാടിയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി പൃഥ്വിപാൽ,ന്തളം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുശീല സന്തോഷ്, കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ മോഹൻദാസ്, പന്തളം വലിയകോയിക്കൽ സബ് ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം ഗോപകുമാർ തുടങ്ങി നിരവധി പ്രമുഖരും ഭാഗഭാക്കാകും.
അതേസമയം ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾക്കു പുറമെ, അത്താഴപൂജയ്ക്ക് ശേഷം തിരുവാഭരണ ധ്വജപേടകത്തിലെ ഭഗവാൻ ശ്രീ അയ്യപ്പസ്വാമിയുടെ തിടമ്പ് ആനപ്പുറത്തേറ്റി ഇരുപുറവും മലദേവതകളുടെ പ്രതീകമായ കൊടികളും കുടകളും വാദ്യമേളങ്ങളോടുകൂടി മണികണ്ഠൻ ആൽത്തറയിലേക്ക് വിളക്കിനെഴുന്നള്ളിപ്പ് നടത്തും. തുടർന്ന് പള്ളിവേട്ട ആൽചുവട്ടിൽ ക്ഷേത്ര മേൽശാന്തി പ്രയാറ്റ് ഇല്ലത്ത് ബ്രഹ്മശ്രീ ദേവദാസ് നമ്പൂതിരി നീരാഞ്ജനം ഉഴിഞ്ഞതിനു ശേഷം ഘോഷയാത്ര ആർപ്പുവിളികളോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നതാണ്.

